ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ശനി, 21 ഫെബ്രുവരി 2009 (11:08 IST)
അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ചട്ടങ്ങള്‍ മറികടന്നുകൊണ്ട് ഇറാന്‍ യുറേനിയം സമ്പുഷ്‌ടീകരണം തുടരുന്നതിനെ ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി. ഏജന്‍സിയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇറാന്‍റെ പ്രവര്‍ത്തനമെന്ന് യുഎന്‍ പറഞ്ഞു.
അണുബോംബുകള്‍ നിര്‍മ്മിക്കാനാവശ്യമായ സമ്പുഷ്‌ട യുറേനിയം ഇറാന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അപകടകരമായ ഈ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സുരക്ഷാ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ഇറാന്‍ ഇതിനകം 1110 കിലോഗ്രാം സമ്പുഷ്‌ട യുറേനിയം നിര്‍മ്മിച്ചു കഴിഞ്ഞുവെന്ന് അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധം നിര്‍മ്മിക്കുവാന്‍ 1,000 കിലോഗ്രാം യുറേനിയം മാത്രം മതിയെന്നിരിക്കെയാണ് ഇറാന്‍ അതിലധികം യുറേനിയം നിര്‍മ്മിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ യുറേനിയം സമ്പുഷ്‌ടീകരണം ഇറാന്‍ നിര്‍ത്തിവയ്ക്കണമെന്നും ആണവോര്‍ജ്ജ ഏജന്‍സിയുടെ ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.