ഇറാനില്‍ നിരവധി പേരുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത ഭൂചലനം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ബുഷ്‌ഹര്‍ മേഖലയില്‍ ഇറാന്റെ ആദ്യ ആണവനിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് റിക്‌ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. നിലയം സുരക്ഷിതമാണെന്നാണ് ഇറാന്‍ വാദിക്കുന്നത്. എന്നാല്‍ നിലയത്തിന് നേരത്തെ തന്നെ കേടുപാടുകളുണ്ടായിട്ടുണ്ട് എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്ത.
ഭൂചലന സാധ്യതയേറിയ മേഖലയിലാണ് ബുഷ്‌ഹര്‍ നിലയം സ്ഥിതിചെയ്യുന്നത്. തീരപ്രദേശത്തുള്ള ബുഷ്‌ഹര്‍ നിലയത്തിന് ചോര്‍ച്ചയുണ്ടായാല്‍ അത് ഗുരുതരമായി ബാധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയായിരിക്കും. നിലയത്തില്‍നിന്ന് അണുവികിരണമുണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ അത് ഗുരുതര പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും എന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ പരിസ്‌ഥിതി വിഭാഗങ്ങള്‍ പറയുന്നത്.
നേരത്തെ, നിലയത്തിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കണമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച്, പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നാണ് ഇറാന്‍ വാദിക്കുന്നത് എന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.