ഇറാനിലെ വിഘടനവാദികള്‍ക്ക് യു‌എസ് സഹായം?

ടെഹ്‌റാ‍ന്‍| WEBDUNIA|
PRO
ഇറാനില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിഘടനവാദികള്‍ക്ക് അമേരിക്ക സഹായം നല്‍കുന്നതായി സൂചന. ഇറാ‍നില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സുന്നി പോരാളി അബ്ദോള്‍ മാലേക് റിഗിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ ടിവിയിലൂടെയാണ് റിഗി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആയുധങ്ങളും താവളവും ഉള്‍പ്പെടെയുള്ള സഹായം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു എന്നാണ് റിഗിയുടെ വെളിപ്പെടുത്തല്‍. ദൈവത്തിന്‍റെ പട്ടാളമെന്ന് അര്‍ത്ഥം വരുന്ന ജണ്ടള്ള എന്ന സംഘടനയിലെ അംഗമാണ് റിഗി. തെക്കുകിഴക്കന്‍ ഇറാനില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ദുബായില്‍ നിന്നും കിര്‍ഗിസ്ഥാനിലേക്ക് പറക്കുകയായിരുന്ന ഒരു വിമാനം നിര്‍ബന്ധിച്ച് ലാന്‍ഡ് ചെയ്യിപ്പിച്ചാണ് ഇറാന്‍ റിഗിയെ പിടികൂടിയത്. കിര്‍ഗിസ്ഥാനില്‍ ഒരു അമേരിക്കന്‍ ഉന്നതനെ കാണാനുള്ള യാത്രയിലായിരുന്നു ഇയാളെന്നാണ് വിവരം.

സൈനിക ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹകരിക്കാമെന്നായിരുന്നു അമേരിക്കയുടെ വാഗ്ദാനമെന്ന് ഇയാള്‍ പറഞ്ഞു. ഇറാനുമായി ചേര്‍ന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ താവളമടിക്കാന്‍ സൌകര്യം ചെയ്തുതരാമെന്നും അമേരിക്ക വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തി. റിഗിയുടെ വെളിപ്പെടുത്തല്‍ പാശ്ചാത്യരാജ്യങ്ങളും ഇറാ‍നും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലെത്തിക്കും. ആണവ പദ്ധതിയുടെ പേരില്‍ ഇറാനെതിരെ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനിരിക്കുകയാണ് അമേരിക്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :