ലോകരക്ഷകനായ ക്രിസ്തുവിനെ പത്ത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്തതിന്റെ പശ്ചാത്താപത്തില്‍ തൂങ്ങിമരിച്ച യൂദാസിന്റെ വികാരനിര്‍ഭരമായ അന്ത്യരംഗം തകര്‍ത്തഭിനയിച്ച് നാടക നടന് ശരിക്കും മരിച്ചു. ദുഃഖവെള്ളി ആചരണത്തിനോട് അനുബന്ധിച്ച് ബ്രസീലിയന്‍ നഗരമായ സാവോപോളോയിലെ ഇത്താരാരെയില് അരങ്ങേറിയ നാടകമാണ് ഇരുപത്തിയേഴുകാരനായ ടിയാഗോ ക്ലിമിക്കിന്റെ ജീവനെടുത്തത്. കഴുത്തിട്ട കുരുക്ക് മുറുകി, തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ചതാണ് (സെറിബ്രല്‍ ഹൈപ്പോക്സിയ) മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യൂദാസിന്റെ വേഷം കെട്ടിയ ടിയാഗോ ക്ലിമിക്ക് അതിസ്വാഭാവികമായി തൂങ്ങി മരണം അഭിനയിച്ചപ്പോള്‍ കാണികള്‍ കയ്യടിയോടെ പ്രോത്സാഹിപ്പിച്ചു. നാലു മിനറ്റ് തൂങ്ങി നിന്ന ശേഷം നാടകക്കാര് കയര്‍ അഴിച്ചപ്പോഴാണ് ക്ലിമിക്ക് യഥാര്‍ത്ഥത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി അത്യാസന്ന നിലയില്‍ ആയിരുന്നു എന്ന് മനസിലായത്. കയറിനു അടിയില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഉപകരണം കഴുത്തിനു മുകളിലേക്ക് ഉയരുകയും കഴുത്ത് ഞെരിക്കുകയും ആയിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ് ക്ലിമിക്ക് നാല് മിനിറ്റോളം കിടന്ന ശേഷമാണ് മറ്റുള്ളവര്‍ക്ക് സംഭവം യാഥാര്‍ത്ഥ്യമായിരുന്നു എന്ന് മനസ്സിലായത്.
ക്ലിമിക്കിന്റെ കിടപ്പില്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നിയപ്പോഴാണ് സഹനടീനടന്മാര് ഓടിക്കൂടി കയര്‍ അഴിച്ചെടുത്തത്. ഇതിനകം തന്നെ ക്ലിമിക്ക് അബോധാവസ്ഥയില്‍ എത്തിയിരുന്നു. എല്ലാവരും ഓടിക്കൂടി ക്ലിമിക്കിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ക്ലിമിക്ക് ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഞായറാഴ്ച വരെ ലൈഫ് സപ്പോര്‍ട്ടിംഗ് യന്ത്രം ഉപയോഗിച്ച് ക്ലിമിക്കിന്റെ ജീവന് നിലനിര്‍ത്തിയെങ്കിലും ക്ലിമിക്കിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പറ്റില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് യന്ത്രം ഓഫുചെയ്യുകയായിരുന്നു. ലോക്കല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.