ആണവായുധ നിയന്ത്രണത്തിന് ഒബാമ

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified ചൊവ്വ, 6 ഏപ്രില്‍ 2010 (10:57 IST)
PRO
ആണവ ശേഷി നേടിയിട്ടില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പുതിയ ആണവ പ്രതിരോധതന്ത്രം രൂപപ്പെടുത്തുന്നു. ആണവ നിരോധിത ലോകം സൃഷ്ടിക്കാനായി ആണവായുധങ്ങളുടെ എണ്ണവും ഉപയോഗവും കുറയ്ക്കാനാണ്‌ അമേരിക്കയുടെ പുതിയ പ്രതിരോധ തന്ത്രം ലക്‍ഷ്യമിടുന്നത്‌.

എന്നാല്‍, ഈ നിലപാടുകള്‍ ഇറാനും വടക്കന്‍ കൊറിയയ്ക്കും ബാധകമല്ലെന്നും വ്യക്തമാക്കുന്നു. ആണവ യുദ്ധോപകരണങ്ങളുടെ എണ്ണത്തില്‍ കുറവ്‌ വരുത്തുക്കൊണ്ടുള്ള ഉടമ്പടിയില്‍ അമേരിക്കയും റഷ്യയും ഒപ്പുവെയ്ക്കാന്‍ തയ്യാറെടുത്തതിന്‌ തൊട്ടുപിന്നാലെയാണ്‌ അമേരിക്ക പുതിയ ആണവ പ്രതിരോധ തന്ത്രവുമായി മുന്നോട്ടുവരുന്നത്‌.

വ്യാഴാഴ്ച റഷ്യയുമായി ആണവായുധങ്ങള്‍ കുറയ്ക്കാനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായാണ് ആണവായുധ നിയന്ത്രണ നയത്തിന് ഒബാമ അന്തിമ രൂപം നല്‍കുന്നത്. ആണവരഹിത ലോകമെന്ന ഒബാമയുടെ ലക്‍ഷ്യത്തിനുള്ള അംഗീകാരം കൂടിയായിട്ടായിരുന്നു ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്.

ആണവരഹിത ലോകത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്ന നിലയിലാണ് റഷ്യയും അമേരിക്കയും തമ്മില്‍ ശീതയുദ്ധകാലത്ത് നിലനിന്ന മത്സരത്തിന്‍റെ ഭാഗമായി നിര്‍മിച്ച ആണവായുധങ്ങള്‍ കുറയ്ക്കാന്‍ ധാരണയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :