അമേരിക്കയ്ക്ക് ഷാവേസിന്‍റെ മറുപടി

കാരക്കസ്| WEBDUNIA| Last Modified ശനി, 28 ഫെബ്രുവരി 2009 (13:34 IST)
വെനിസ്വേലയില്‍ മയക്കുമരുന്ന് കടത്തും മനുഷ്യാവകാശ പ്രശ്നങ്ങളും നടക്കുന്നതായുള്ള അമേരിക്കന്‍ ആരോപണം പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് തള്ളി. തങ്ങള്‍ക്കു നേരെ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് സ്വന്തം രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ഒബാമ തിരിച്ചറിയണം. സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടാകാം ഞങ്ങളെ വിമര്‍ശിക്കുന്നത് - ഷാവേസ് പറഞ്ഞു.

കള്ളത്തരവും മനുഷ്യവിദ്വേഷവും ഉപയോഗിച്ചാണ് അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. രാഷ്ട്രീയവത്കരിക്കപ്പെട്ട നീതിന്യായ വ്യവസ്ഥയാണ് വെനിസ്വേലയിലുള്ളതെന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പ്രധാന ആരോപണം. അഴിമതി വ്യാപിച്ചു കിടക്കുകയാണെന്നും രാഷ്ടീയ എതിരാളികളേയും മാധ്യമങ്ങളേയും വെനിസ്വേല സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതായും അമേരിക്ക ആരോപിച്ചിരുന്നു.

വെനിസ്വേലയേക്കാള്‍ വലിയ മനുഷ്യാവകാശ ധ്വംസകര്‍ അമേരിക്കയാണ്. ലോക വിദ്വേഷത്തിന്‍റെ ഭാഗമായി ഒബാമയും അദ്ദേഹത്തിന്‍റെ വിദേശകാര്യ സെക്രട്ടറി ഹിലാരിയും പറയുന്നത് കാര്യമായെടുക്കുന്നില്ല. ഏപ്രിലില്‍ ഒബാമയുമായി നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ കാര്യമായ പ്രതീക്ഷയൊന്നുമില്ലെന്നും ഷാവേസ് പറഞ്ഞു.

പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചൈന, വെനിസ്വേല വിയറ്റ്നാം, ഉത്തര കൊറിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ പരാജയമാണെന്ന് യു എസ്‌ സ്റ്റേറ്റ്‌ വകുപ്പ് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :