ഫുകുഷിമ ആണവനിലയത്തിലെ അണുപ്രസരണം കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാവുന്നു. പൈപ്പ് വെള്ളത്തിലെ റേഡിയോ ആക്ടീവ് അയഡിന്റെ തോത് രണ്ടിരട്ടി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇതോടെ നവജാതശിശുക്കള്‍ക്കും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഈ വെള്ളം നല്‍കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. തലസ്ഥാന നഗരമായ ടോക്യോയില്‍ ലഭ്യമാവുന്ന പൈപ്പ് വെള്ളത്തിലാണ് അയഡിന്‍-131- ന്റെ സുരക്ഷിത തോത് രണ്ടിരട്ടി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഈ വെള്ളം ഉപയോഗിക്കുകയാണെങ്കില്‍ തൈറോയ്ഡ് ക്യാന്‍സറിന് ഇടയാക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെര്‍ണോബില്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി ഇത്തരം 6,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദുരന്തം നടക്കുമ്പോള്‍ ഈ ആളുകളെല്ലാം കുട്ടികളായിരുന്നു.
ടോക്യോയില്‍ മഴ ശക്തമായതിനാല്‍ അണുപ്രസരണം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഫുകുഷിമയില്‍ ഉത്പാദിപ്പിക്കുന്ന ചിലയിനം പച്ചക്കറികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ജപ്പാനില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൊവ്വാഴ്ച അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോത്പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനും അമേരിക്ക തീരുമാനിച്ചു.
സുനാമിയെത്തുടര്‍ന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള അണുപ്രസരണം ടോക്യോയില്‍ എത്തിയ സാഹചര്യത്തില്‍ ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെ 25 വിദേശരാജ്യങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എംബസികള്‍ താല്‍ക്കാലികമായി പൂട്ടി.
അതിനിടെ, ഫുകുഷിമ ആണവനിലയത്തിനടുത്ത് ബുധനാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മാര്‍ച്ച് 11-ന് ജപ്പാനെ പിടിച്ചു കുലുക്കിയ ഭൂചലത്തിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടേക്കാമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.