താലിബാന്‍ സമാധാന ചര്‍ച്ചയ്ക്ക്

ഇസ്‌ലാമാബാദ്| WEBDUNIA|
പാക് സേനയുടെ ശക്തമായ നീക്കത്തെ തുടര്‍ന്ന് ബണര്‍, ദിര്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തായ താലിബാന്‍ ഗ്രൂപ്പ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. നിരോധിത സംഘടനയായ തെഹ്‌റിക്-ഇ-നിഫാസ്-ഇ-ശരിയത്ത്-ഇ-മുഹ്ഹമ്മദ്(ടി‌എന്‍എസ്എം) തലവന്‍ സൂഫി മുഹമ്മദാണ് സര്‍ക്കാരുമായുള്ള പോരാട്ടം നിര്‍ത്തിവയ്ക്കാനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് അറിയിച്ചത്.

ബണറില്‍ താലിബാന്‍ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം 50 താലിബാന്‍ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സൂഫി മുഹമ്മദ് അറിയിച്ചത്.

ഒരാഴ്ച മുന്‍പാണ് ബണറിന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട് വന്നത്. തീവ്രവാദികള്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ് പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തീവ്രവാദികള്‍ക്കെതിരെ പാക് സര്‍ക്കാര്‍ അയഞ്ഞ സമീപനം സ്വീകരിച്ചതാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്ന് അമേരിക്കയും ബ്രിട്ടനും ആരോപിച്ചു. തുടര്‍ന്നാണ് താലിബാനെതിരെ നടപടി സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :