നൊമ്പരമായി ക്യാപ്റ്റന്‍ ഹര്‍ഷന്‍

WD
നാടിനു വേണ്ടി വീരചരമം പ്രാപിച്ച ക്യാപ്റ്റന്‍ ഹര്‍ഷന്‍റെ കുടുംബത്തിനുള്ള ധനസഹായം കേരള സര്‍ക്കാര്‍ നല്‍കി. നൊമ്പരം കണ്ണീരായി ഉരുകിയൊലിച്ച നിമിഷങ്ങളായിരുന്നു അത്.

വിതുമ്പിക്കരഞ്ഞു കൊണ്ടായിരുന്നു ആ പിതാവ് സര്‍ക്കാരിന്‍റെ സമാശ്വാസ തുക ഏറ്റുവാങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍ഷന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ ധന സഹായം നിയമമന്ത്രി എം വിജയകുമാര്‍ ഹര്‍ഷന്‍റെ കമലേശ്വരത്തെ വസതിയില്‍ എത്തിയാണ് നല്‍കിയത്. ഹര്‍ഷന്‍റെ പിതാവ് മകന്‍റെ ഓര്‍മ്മകളില്‍ പലവട്ടം വിതുമ്പിയത് സര്‍ക്കാര്‍ പ്രതിനിധികളുടെ കണ്ണിലേക്കും നനവ് പടര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി വീരചരമം പൂകിയ ക്യാപ്റ്റന്‍റെ കുടുംബാംഗങ്ങളുടെ മനസ്സില്‍ ഹര്‍ഷനും അമ്മയ്ക്കും ഇടയില്‍ നടന്ന ഒരു സംഭാഷണ ശകലം പൊടി പിടിക്കാതെ കിടക്കുന്നുണ്ടാവും; ആ വാക്കുകള്‍ ഈ സ്വാതന്ത്ര്യ സമര ദിനത്തില്‍ നമുക്ക് അനുസ്മരിക്കാം,

“അമ്മേ, മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച സൈനികരുടെ പേരുകളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. ഇവരുടെ എല്ലാം അമ്മമാര്‍ തങ്ങളുടെ മക്കളെ ചൊല്ലി അഭിമാനിക്കണം. എനിക്ക് ഈ ഗതി ഉണ്ടായാല്‍ എന്‍റെ അമ്മയും അഭിമാനിക്കണം”. ക്യാപ്റ്റന്‍ ഹര്‍ഷന്‍ അമ്മ ചിത്രാംബികയോട് ഐ എം ഇ യിലെ ബലിദാന്‍ മന്ദിറില്‍ വച്ച് പറഞ്ഞ വാക്കുകളാണിവ.

വാക്കുകള്‍ അറം പറ്റിയ പോലെയായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍. കുപ്‌വാരയില്‍ ഭീകരരുടെ നീക്കം ചെറുക്കാനായാണ് ഹര്‍ഷന്‍ ഉള്‍പ്പെട്ട ‘ചുവന്ന ചെകുത്താന്മാര്‍’ എത്തിയത്. ഭീകരരെ കീഴടക്കിയ സൈനിക സംഘം മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍ഷന് വെടിയേറ്റു. തുടയില്‍ വെടിയേറ്റ ഹര്‍ഷന്‍ തിരിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയുണ്ടായി. എന്നാല്‍, അപ്പോഴേക്കും മറ്റൊരു വെടിയുണ്ട അദ്ദേഹത്തിന്‍റെ കഴുത്തില്‍ തുളഞ്ഞ് കയറിയിരുന്നു. നാടിന് വേണ്ടി തന്‍റെ ജീവന്‍ തന്നെ നല്‍കുകയായിരുന്നു ക്യാപ്റ്റന്‍ ഹര്‍ഷന്‍.

PRATHAPA CHANDRAN|
പിതാവ് രാധാകൃഷ്ണന്‍ നായര്‍ക്കും മാതാവിനും ഹര്‍ഷനെ നൊമ്പരത്തിന്‍റെ നനവിലൂടെയേ ഓര്‍ക്കാനാവൂ എങ്കിലും അവര്‍ അഭിമാനിക്കുന്നു, മാതൃദേശത്തിനു വേണ്ടി ജീവന്‍ നല്‍കിയ ഒരു ധീര യോദ്ധാവിന് ജന്മം നല്‍കിയതില്‍. സൈനികനാവണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ സൈനിക സ്കൂളില്‍ ചേര്‍ന്ന ഹര്‍ഷനെ, വീട്ടുകാരറിയാതെ എഞ്ചിനിയറിംഗ് പഠനത്തിനിടെ എന്‍ഡി‌എ പരിക്ഷ എഴുതി സൈന്യത്തിലെത്തിയ ഹര്‍ഷനെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നും കണ്ണീരിന്‍റെ അകമ്പടിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :