ബാരിസ്റ്റര്‍ എ കെ പിള്ള -- സ്വാതന്ത്ര്യ സമരകാലത്ത് ജ്വലിച്ചു നിന്ന യുവത്വമായിരുന്നു. രാജ്യത്തെ ദേശാഭിമാനികളെയാകെ പുളകം കൊള്ളിച്ച ഒരു പേരായിരുന്നു അത്. ആ ധീര ദേശാഭിമാനി 1949 ഒക്റ്റോബര്‍ അഞ്ചിനാണ് അന്തരിച്ചത്.
നാടിനു വേണ്ടി പണവും വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും ത്യജിക്കാന്‍ മടികാണിക്കത്തവര്‍ അന്നു ഏറെ ഉണ്ടായിരുന്നില്ല. പിന്നീട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകനായി എ കെ പിള്ള. രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയെയാണ് പിള്ള വിവാഹം ചെയ്തത്
പണത്തിനു വേണ്ടി അദ്ദേഹം ഒരിക്കലും പ്രാക്ടീസ് ചെയ്തില്ല. തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്ത വക്കാലത്തുകള്‍ അദ്ദേഹം സ്വീകരിച്ചുമില്ല. പ്രശസ്തമായ ഒട്ടനേകം കേസുകളില്‍ അദ്ദേഹം പ്രതിഭാഗം വക്കീലായി ഇന്ത്യയിലെല്ലായിടത്തും വാദിച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിസഹകരണ സമീപനവും ക്വിറ്റിന്ത്യാ സമരവും പിള്ളയെ പക്ഷെ അരിശം കൊള്ളിക്കുകയാണ് ചെയ്തത്. ഫാസിസത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
1893 ഏപ്രില്‍ 16ന് കരുനാഗപ്പള്ളിയിലെ സമ്പന്നവും അഭിജാതവുമായ ഒരു കുടുംബത്തിലാണ് അയ്യപ്പന്‍പിള്ള കൃഷ്ണപിള്ള എന്ന എ കെ പിള്ള പിറന്നത്. തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ബി.എ പാസ്സായശേഷം ബി.സി.എല്‍.എന്ന ഉന്നത നിയമ ബിരുദമെടുക്കാനായി ഇംഗ്ളണ്ടിലേക്ക് പോയി.