‘പാര്‍ക്ക്‌ വിയ’ സുവര്‍ണ്ണ ചകോരം നേടി

WEBDUNIA|
വീട്‌ സൂക്ഷിപ്പുകാരനും വീടും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥപറഞ്ഞ മെക്‌സിക്കന്‍ ചിത്രം പാര്‍ക്ക്‌ വിയ കേരളത്തിന്‍റെ പതിമൂന്നാം ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണ ചകോരം നേടി.

കനകകുന്ന്‌ കൊട്ടാരത്തില്‍ അരങ്ങേറിയ പ്രൗഡ ഗംഭീരമായ ചടങ്ങില്‍ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായ എന്റിക്‌ റിവോറ സാംസ്‌കാരികമന്ത്രി എം എ ബേബിയില്‍ നിന്നാണ്‌ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്‌.

പുതുമുഖ സംവിധാനത്തിനുള്ള രജത ചകോരം തുര്‍ക്കി ചിത്രം മൈ മാര്‍ലന്‍ ആന്റ്‌ ബ്രാന്റോ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള രജത ചകോരം അര്‍ജന്റീനിയന്‍ ചിത്രം പോസ്‌റ്റ്‌ കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗ്രാഡിന്‍റെ സംവിധായിക മരിയാന റോണ്‍ഡന്‍ നേടി.

നന്ദിതാദാസിന്‍റെ ഫിറാക്ക്‌ നവാഗത സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. അല്‍ജീരിയന്‍ ചിത്രം ദ യെല്ലോ ഹൗസിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

അന്യരാജ്യത്തിലേക്ക്‌ കുടിയേറി ജീവിക്കാനായി അറിയാത്ത കളി അറിയാമെന്ന്‌ നടിച്ച്‌ നാടുവിടുന്ന സാധാരണക്കാരായ ശ്രീലങ്കക്കാരുടെ കഥപറഞ്ഞ്‌ കൈയ്യടി നേടിയ ശ്രീലങ്കന്‍ ചിത്രം മാച്ചാന്‍ പ്രേക്ഷക പുരസ്‌കാരം നേടി

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം അഞ്‌ജലി മേനോന്‍റെ മഞ്ചാടിക്കുരുവിനും നെറ്റ്‌പാക്ക്‌ പുരസ്‌കാരം എം.ജി. ശശിയുടെ അടയാളങ്ങള്‍ക്കും ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള നവാഗത സംവിധാന മികവിന്‌ മീരാനായര്‍ ഏര്‍പ്പെടുത്തിയ ഹസന്‍കുട്ടി പുരസ്‌കാരവും അഞ്‌ജലിമേനോനാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :