ഡീഗോ മറഡോണ. കാലുകളില്‍ തലച്ചോറുള്ളവന്. ‘ദൈവത്തിന്റെ കൈ’ഉപയോഗിച്ച് ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തരിപ്പണമാക്കിയ ലാറ്റിനമേരിക്കന്‍ രാജകുമാരന്. മറഡോണയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തില്‍ നടക്കുന്ന പന്ത്രെണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കാണികള്‍ക്ക് ഹരമാകും.
മറഡോണയെന്ന ഫുട്ബോള്‍ ഇതിഹാസത്തേയും മനുഷ്യനേയും സുഹൃത്തിനേയും സ്നേഹ സമ്പന്നനായ പിതാവിനേയും അവതരിപ്പിക്കുന്ന ഈ ഡോക്യുമെന്ററിയുടെ പേര് ലൌവിങ്ങ് മറഡോണയെന്നാണ്.
വെള്ളിഖനനത്തിനു ശേഷം പൊട്ടാസിയെന്ന പട്ടണത്തിന്റെ തകര്‍ച്ച കാണിക്കുന്ന ഫ്രഞ്ച് ചിത്രമായ പൊട്ടോസി ദി ജേര്‍ണി, ചിലിയിലെ പട്ടാള ഭരണ കാലത്തെ ചെറുത്തു നില്‍പ്പ് പുറം ലോകത്ത് എത്തിച്ച ഫോട്ടോഗ്രാഫര്‍മാരുടെ ത്യാഗോജ്ജ്വലമായ കഥയാണ് സിറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്. ഇന്ത്യന്‍ യാഥാസ്ഥിക കുടുംബങ്ങളിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യുന്ന റിമമ്പ്രന്‍സ് ഓഫ് തിംഗ്സ് പ്രസന്റെന്ന കനേഡിയന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ വംശജനായ ചന്ദ്ര സിദ്ദാനാണ്.
അടൂര്‍ ഗോപാല കൃഷ്ണന്റെ ഡാന്‍സ് ഓഫ് എന്ചാണ്ട്രസും വിനോദ് മങ്കരയുടെ ബിഫോര്‍ ദ ബ്രഷ് ഡ്രോപ്സും ആണ് ഈ വിഭാഗങ്ങളിലെ മലയാളി സാന്നിദ്ധ്യം. 28 ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.