‘മീ മൈ സെല്‍‌ഫ് നിരാശപ്പെടുത്തിയില്ല‘

ശ്രീഹരി പുറനാട്ടുകര

WEBDUNIA|
നമ്മുടെ ജീവിതം തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം നമ്മള്‍ക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്ന സിനിമ‘- ‘മീ മൈ സെല്‍‌ഫ്‘ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പ്രശസ്ത സിനിമസംവിധാനയകന്‍ പ്രിയനന്ദനന്‍ വെബ്‌ദുനിയക്ക് ഈ ഉത്തരമാണ് നല്‍കിയത്. അപകടത്തില്‍ നായകന് ഓര്‍മ്മ നശിച്ചപ്പോള്‍ തിയേറ്ററില്‍ മുറുമുറുപ്പ് ഉയര്‍ന്നു;‘ഇത് എത്ര കണ്ടതാണ്’.

എന്നാല്‍, നായകനായ ടാന്‍ ഭൂതകാലത്ത് ഒരു സ്വവര്‍ഗഭോഗിയായിരുന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കും. നായകന്‍ നൃത്തം ചെയ്‌തിരുന്ന ഹോട്ടലിലെ അവന്‍റെ കൂട്ടുകാര്‍ അവനെ തേടിവരുന്നു. അങ്ങനെ നായികയായ ഓമിനെയും അവളുടെ അനന്തരവനെയും ഉപേക്ഷിച്ച് നായകന്‍ യാത്രയാവുന്നു.

നായിക അപ്പോഴേക്കും നായകനുമായ അകലാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. തന്‍റെ പഴയ കാമുകന്‍ നഷ്‌ടപ്പെട്ട ദു:ഖം മൂലം ജീവിതത്തോട് വിരക്തി തോന്നിയ ഓമിന് ടാന്നിന്‍റെ സാന്നിദ്ധ്യം ജീവിതത്തില്‍ സന്തോഷം നല്‍കുവാന്‍ തുടങ്ങിയപ്പോഴായിരുന്നു ടാമിന്‍റെ ഈ തിരിച്ചുപ്പോക്ക്. എന്നാല്‍, സിനിമയുടെ അന്ത്യത്തില്‍ നായികയും നായകനും ഒന്നിക്കുന്നു.

അതേസമയം തീരുമാനങ്ങള്‍ എടുക്കുന്നതിനായി നായകനും നായികയും അനുഭവിക്കുന്ന സംഘര്‍ഷം സംവിധായകനായ പോങ്ങ്‌പാത്ത് വാച്ചിര്‍ അബുജോനങ്ങിന് മനോഹരമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.

ഹാന മക്‍ബാല്‍‌ഹഫിന്‍റെ ‘ബുദ്ധകൊളോസ്‌പഡ്‘ കാണുവാനായി മാത്രം എത്തിയ ആസ്വാദകരുമുണ്ട്. പ്രശസ്ത നാടക നടനായ കണ്ണൂര്‍ വാസൂട്ടി ഈ ഗണത്തില്‍ പെടുന്ന ആസ്വാദകനാണ്. ‘നാടകത്തിന്‍റെ തിരക്കുണ്ട്. എന്നാലും, ഈ സിനിമ കാണണമെന്ന് കുറച്ചു നാളായി ആഗ്രഹിക്കുന്നു’-കണ്ണൂര്‍ വാസൂട്ടി പറഞ്ഞു. നാടകത്തിന്‍റെ തിരക്കു കാരണം മേളയിലെ ബാക്കിയുള്ള സിനിമകള്‍ കാണുവാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല സിനിമകളെ സ്‌നേഹിക്കുന്നവരാണ് ഈ ചലച്ചിത്ര മേളയെ ഇത്രയും വിജയകരമാക്കി മാറ്റിയതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹന്‍ വെബ്‌ദുനിയോട് പറഞ്ഞു. സിനിമ കാണുന്നതിനുള്ള പാസുകളുടെ വിതരണം കഴിഞ്ഞിട്ടും ഇപ്പോഴും പാസിനായി അക്കാദമിയെ നിരവധി പേര്‍ സമീ‍പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ സാന്നിദ്ധ്യമാണ് മേളയിലെ മറ്റൊരു പ്രത്യേകത. ‘മീ മൈ സെല്‍‌ഫ്’ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൈരളി തീയേറ്ററിന് മുമ്പില്‍ നിരവധി യുവാക്കള്‍ തടിച്ചു കൂടിയിരുന്നു. ചര്‍ച്ചകളില്‍ ‘ബുദ്ധ കൊളാസ്‌പഡ് , കമലഹാസന്‍, തെയ്യം എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

യുവതലമുറക്ക് നല്ല ചിത്രങ്ങള്‍ ആസ്വദിക്കുവാന്‍ താല്‍പ്പര്യമുണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് സിനിമനിരൂപകനായ ഗോപിനാഥ് പറഞ്ഞു. ‘ മറ്റുള്ള മനുഷ്യരുടെ വികാര വിചാരങ്ങളും അറിയുവാന്‍ പുതു തലമുറ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഇത്’-ഗോപിനാഥ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :