പ്രേക്ഷകമനം കവര്‍ന്ന് ബ്ലിസ്

WEBDUNIA|
മത്സര വിഭാഗത്തിലെ സിനിമകളെല്ലാംതന്നെ ശ്രദ്ധയാകര്‍ഷിച്ച ദിനമായിരുന്നു ചലത്രമേളയുടെ നാലാം ദിവസം. തുര്‍ക്കിഷ് ചിത്രമായ ‘ബ്ലിസ്‘ ആണ് എടുത്ത പറയേണ്ട ചിത്രം. അഭിനയ മികവ്, കലാമൂല്യം, സാ‍ങ്കേതിക മേന്‍‌മ എന്നിവകൊണ്ട് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമായി ബ്ലിസ്. സിനിമ തുടങ്ങുന്നതിന് മുമ്പതന്നെ, അഭിപ്രായ രൂപീകരണം തുടങ്ങിയിരുന്നതിനാല്‍ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് തന്നെ തിയറ്ററിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

നിശബ്ദമായ ഒരു പ്രണയ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബ്ലിസ് എന്ന ചിത്രത്തില്‍. ബലാത്സംഗത്തിനിരയാകുന്ന മെറിയം എന്ന ഗ്രാമീണ പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കളങ്കിതയായ മെറിയത്തോട് ബലാത്സംഗത്തിന് ഉത്തരവാദി ആരാണെന്ന് ചോദിക്കുന്നുവെങ്കിലും പേര് വെളിപ്പെടുത്താന്‍ അവള്‍ തയാറാവുന്നില്ല. തുടര്‍ന്ന് ഗ്രാമം അവള്‍ക്ക് വധശിക്ഷ വിധിക്കുന്നു. ശിക്ഷ നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്നത് മെറിയത്തിന്‍റെ പിതാവിന്‍റെ അര്‍ദ്ധ സഹോദരപുത്രനും പട്ടാള ഉദ്യോഗസ്ഥനുമായ കെമാലിനെയാണ്.

ശിക്ഷ നടപ്പാക്കാന്‍ കെമാല്‍ മെറിയത്തെ ഇസ്താംബൂളിലേക്ക് കൊണ്ടുപോകുന്നു. വഴിക്ക് മെറിയത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും കെമാലിന് അതിന് കഴിയുന്നില്ല. ഇസ്താബൂളില്‍ എത്തിയതിന് ശേഷവും ഒരിക്കല്‍ കൂടി അതിന് ശ്രമിക്കുന്നുവെങ്കിലും അവിടെയും കെമാല്‍ പരാ‍ജയപ്പെടുന്നു. പിന്നീട് മെറിയവുമാ‍യി ഒരു ബോട്ടുയാത്ര പുറപ്പെടുന്ന കെമാല്‍ അവിടെ വച്ച് ഇര്‍ഫാന്‍ എന്ന പ്രൊഫസറെ പരിചയപ്പെടുന്നു. മെറിയത്തെ തന്‍റെ മകളുടെ സ്ഥാനത്ത് കാണുന്ന ഇര്‍ഫാന്‍റെ ബന്ധത്തില്‍ കെമാലിന് സംശയം തോന്നുകയും ഇര്‍ഫാനെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വരെ കെമാലിന്‍റെ രോഷം ഉയരുകയും ചെയ്യുന്നു. എന്നാല്‍ അതില്‍ നിന്ന് കെമാലിന് പിന്‍‌മാറേണ്ടി വരുന്നു.

കെമാലിന് മെറിയത്തോടുള്ളത് പ്രണയം എന്ന വികാരമാണ് എന്ന തിരിച്ചറിവ് പിന്നീട് കെമാലിന് മനസിലാക്കിക്കൊടുക്കുന്നത് ഇര്‍ഫാന്‍ ആണ്. അപ്പോഴേക്കും ഇരുവരേയും തെരഞ്ഞെത്തുന്ന കെമാലിന്‍റെ പിതാവും സംഘവും മെറിയത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും ഇര്‍ഫാനും കെമാലും ചേര്‍ന്ന് അവളെ രക്ഷപെടുത്തുന്നു. തുടര്‍ന്ന് തന്‍റെ പിതാവാണ് മെറിയത്തെ കളങ്കിതയാക്കിയതെന്ന സത്യം കെമാല്‍ മനസിലാക്കുന്നു. യുദ്ധമുഖത്ത് നിരവധി പോരാളികളെ കൊന്നുവീഴ്ത്തിയിട്ടുള്ള കെമാല്‍ പിതാവിന് നേരെ നിറയൊഴിക്കാന്‍ തുനിയുന്നുവെങ്കിലും ആത്മബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും മുന്നില്‍ കീഴടങ്ങുന്നു. മെറിയത്തെ കെമാല്‍ സ്വീകരിക്കുന്നതോടെ ചിത്രത്തിന് ശുഭാന്ത്യം.

സ്വാഭാ‍വിക വെളിച്ചത്തില്‍ പകര്‍ത്തിയിരിക്കുന്ന ചില ഷോട്ടുകള്‍ ഛായാഗ്രഹണത്തെ മികവുറ്റതാക്കുന്നു. സ്വീക്വന്‍സ് കൃത്യമായി ചേര്‍ത്തുവച്ച് കോര്‍ത്തിണക്കിയ ചിത്രം ആസ്വാദകര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ചിത്രം കണ്ടിറങ്ങിയവര്‍ക്ക് പറായുനുണ്ടായിരുന്നതും അനുകൂല അഭിപ്രായങ്ങള്‍ മാത്രമായിരുന്നു. ബ്ലിസിന് മലയാളി പ്രേക്ഷകരുടെ മനോനിലവാരത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ചിത്രം എന്ന വിശേഷണം നല്‍കിയാല്‍ തെറ്റുപറയാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :