അപകടകരമായ കളി - ദി ഡീര്‍ ഹണ്ടര്‍

മാര്‍ട്ടിന്‍ സ്റ്റീഫന്‍| Last Updated: ശനി, 14 മാര്‍ച്ച് 2015 (21:11 IST)
വിയറ്റ്നാം യുദ്ധം പെന്‍സില്‍വേനിയയിലെ ഒരു ചെറിയ നഗരമായ ക്ലെയര്‍ടണിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കാണിച്ചു തരുന്ന ചിത്രമാണ് മൈക്കിള്‍ കിമിനൊ സംവിധാനം ചെയ്ത ദി ഡീര്‍ ഹണ്ടര്‍.

ചിത്രം 1978 ലാണ് പുറത്തിറങ്ങിയത്. റോബര്‍ട്ട് ഡി നീറോ, ക്രിസ്റ്റഫര്‍ വാള്‍ക്കന്‍, ജോണ്‍ സാവേജ്, ജോണ്‍ കസാലെ, മെറിള്‍ സ്ട്രീപ്പ് തുടങ്ങിയവരുടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പിറ്റ്സ്ബര്‍ഗിലെ ക്ലയര്‍ടണ്‍ എന്ന നഗരത്തിലും വിയറ്റ്നാമിലുമായാണ് ചിത്രം പുരോഗമിക്കുന്നത്.

ലാസ് വേഗാസിനേയും റഷ്യന്‍ റൌളറ്റിനേയും (ഒരു വെടിയുണ്ട മാത്രം നിറച്ച റിവോള്‍വര്‍ സ്വന്തം തലയ്ക്ക് നേരെ പിടിച്ച് കളിക്കാര്‍ കാഞ്ചി വലിക്കുന്ന ഒരു അപകടകരമായ കളിയാണ് റഷ്യന്‍ റൌളറ്റ്) പറ്റിയുള്ള ദ മാന്‍ ഹു കേം ടു പ്ലേ ബൈ എന്ന ലൂയിസ് ഗാര്‍ ഫിങ്കിളിന്റേയും ക്വിന്‍ കെ റെഡെകെറിന്റേയും സ്ക്രീന്‍പ്ലേയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് നിര്‍മ്മാതാവായ ലൂയിസ് ഗാര്‍ഫിങ്കിള്‍ ഈ തിരക്കഥ വാങ്ങുകയും സംവിധായകനും തിരക്കഥാകൃത്തുമായ മൈക്കിള്‍ കിമിനോയെയും സഹ എഴുത്തുകാരനായ ഡേറിക് വാഷ്ബേണിനേയും കൊണ്ട് തിരക്കഥ മാറ്റിയെഴുതിക്കുകയുമായിരുന്നു.

തിരക്കഥ മാറ്റി എഴുതിയപ്പോള്‍ ഇതിലെ റഷ്യന്‍ റൌളറ്റ് കളിയുടെ ഭാഗം വിയറ്റ്നാമിന്റെ പശ്ചാത്തലത്തിലാക്കി കൂടുതല്‍ രസകരമാക്കുകയായിരുന്നു. എന്നാല്‍ ചിത്രം നിശ്ചയിച്ച ബഡ്ജറ്റിലും നിശ്ചയിച്ച സമയത്തിലും പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചില്ല. ഇതിനാല്‍ തന്നെ ദി ഡീര്‍ ഹണ്ടര്‍ 15 മില്യണ്‍ ഡോളര്‍ ചെലവിലാണ് പൂര്‍ത്തിയായത്. ദ ഡീര്‍ ഹണ്ടര്‍ എന്ന ചിത്രത്തിലൂടെയാണ് മെറില്‍ സ്ട്രീപ്പിന് ആദ്യമായി അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിക്കുന്നത്.
ദി ഡീര്‍ ഹണ്ടര്‍, മൈക്കിള്‍ കിമിനൊ, റോബര്‍ട്ട് ഡി നീറോ, ഹോളിവുഡ്

ക്ലയര്‍ടണിലെ മൂന്ന് ബാല്യകാലസുഹൃത്തുക്കളാണ് മൈക്കളും നിക്കും സ്റ്റീവനും. സ്ഥലത്തെ ബാറില്‍ നിന്ന് ഒരുമിച്ച് ബീര്‍ കഴിക്കുന്നതും വാരാന്ത്യങ്ങളില്‍ ഡീര്‍ ഹണ്ടിങ്ങിന് പോകുന്നതും ഇവരുടെ വിനോദങ്ങളാണ്. മൈക്കിളും നിക്കും ലിന്‍ഡയെന്ന പെണ്‍കുട്ടിയുമായി സ്നേഹത്തിലാണ്. വളരെ സന്തോഷപ്രദമായി മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്ന ഇവരുടെ ജീവിതം ഇവര്‍ പട്ടാളത്തില്‍ ചേരുന്നതോടെ മാറുന്നു.

വിയറ്റ്നാമിലേക്ക് പോകുന്ന ഇവര്‍ അവിടെവച്ച്
ശത്രുപക്ഷത്തിന്റെ പിടിയിലാകുന്നു. ശത്രുപക്ഷത്തിന്റെ പാളയത്തില്‍ ഇവര്‍ക്ക് നിരവധി ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു.
ഇവിടെ വച്ച് ഇവരെക്കൊണ്ട് ശത്രുസൈന്യം റഷ്യന്‍ റൌളറ്റ് കളിപ്പിക്കുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപെടുന്നു. എന്നാല്‍ നിക്കിന് വിയറ്റ്നാമില്‍ തന്നെ തങ്ങേണ്ടി വരുന്നു. മൈക്കിള്‍ ലിഡയുമായി വീണ്ടും ഒന്നിക്കുന്നു. സ്റ്റീവന് യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടമാകുന്നു.

ചിത്രം മികച്ച ചിത്രത്തിനുള്‍പ്പടെ അഞ്ച് അക്കാദമി അവാര്‍ഡുകളാണ് നേടിയത്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ദി ഡീര്‍ ഹണ്ടറെ ഏറ്റവും മികച്ച അമേരിക്കന്‍ സിനിമകളിലൊന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. റഷ്യന്‍ റൌളറ്റ് സീനുകള്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ വന്‍ വിവാദമായിരുന്നു. ഇറ്റാലിയന്‍ - അമേരിക്കന്‍ സംവിധായകനാണ് മൈക്കിള്‍ കിമിനൊ. ഡീര്‍ ഹണ്ടര്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :