പാപമോചനത്തിന്‍റെ ഋഷിപഞ്ചമി

PRO
വാസ്തു ദോഷ പരിഹാരത്തിനും ശത്രു പീഢകള്‍ ഒഴിവാക്കാനും സമ്പല്‍ സ‌മൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വിശ്വകര്‍മ്മാവിനെ സ്തുതിക്കുന്നത് നല്ലതാണ്. മൂലസ്തംഭ പുരാണം പറയുന്നത് വിശ്വകര്‍മ്മാവ് സ്വയം ഉല്‍ഭവിച്ചു എന്നാണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ ഒന്നുമില്ലായിരുന്നു. ആകാശമോ ഭൂമിയോ നക്ഷത്രങ്ങളോ എന്തിന് ബ്രഹ്മാവോ വിഷ്ണുവോ മഹേശ്വരനോ മനസോ ഒന്നുമില്ലായിരുന്നു.
അദ്ദേഹം ആദ്യം ത്രിമൂര്‍ത്തികളെ സൃഷ്ടിച്ചു. വിശ്വകര്‍മ്മാവിന് അഞ്ച് ശിരസ്സും പത്തു കൈകളുമാണുണ്ടായിരുന്നത്. അഞ്ച് മുഖങ്ങളില്‍ ഓരോന്നില്‍ നിന്നും സനകന്‍, സനാതനന്‍, അഭു വസനന്‍, പൃത്നസന്‍, സുപര്‍ണ്ണസന്‍ എന്നീ പഞ്ച ഋഷിമാരെ സൃഷ്ടിച്ചു.

ശരീരത്തില്‍ നിന്ന് ഇന്ദ്രാദി ദേവന്മാരെയും സപ്ത ഋഷിമാരെയും നവ ഗ്രഹങ്ങളെയും 27 നക്ഷത്രങ്ങളെയും അഞ്ച് വേദങ്ങളെയും ലോകത്തെയും സൃഷ്ടിച്ചു. ഇതിനു ശേഷം സൃഷ്ടിയുടെ ചുമതല ബ്രഹ്മദേവനെയും സംരക്ഷിക്കാനുള്ള ചുമതല വിഷ്ണുവിനെയും സംഹരിക്കാനുള്ള ചുമതല മഹേശ്വരനെയും ഏല്‍പ്പിച്ചു.

മറ്റെല്ലാവര്‍ക്കും ചുമതലകള്‍ ഓരോന്നും നല്‍കി. വേദങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും യാഗങ്ങള്‍ നടത്താനും മറ്റുമായി ഋഷീശ്വരന്മാരെ ചുമതലപ്പെടുത്തി വിശ്വകര്‍മ്മാവ് അപ്രത്യക്ഷനായി.

വിശ്വകര്‍മ്മാവ് ഭരമേല്‍പ്പിച്ച ചുമതലകളെല്ലാം ത്രിമൂര്‍ത്തികളും ഋഷിമാരും ദേവന്മാരും ചെയ്തു തുടങ്ങി. അവര്‍ക്ക് വിശ്വകര്‍മ്മാവിനെ കാണണമെന്ന ആഗ്രഹം കലശലായപ്പോള്‍ പഞ്ച ഋഷിമാരുടെ ഉപദേശം അനുസരിച്ച് ഭാദ്രപാദ മാസത്തിലെ (കന്നി - തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ പഞ്ചമി വരെ അവര്‍ ധ്യാനിക്കാന്‍ തുടങ്ങി.

ദേവന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട വിശ്വകര്‍മ്മ ദേവന്‍ പറഞ്ഞു, അഞ്ച് ഋഷിമാരുടെ നിര്‍ദ്ദേശ പ്രകാരം എന്നെ ആരാധിച്ച ദിവസം ഋഷിപഞ്ചമി ദിവസമായി അറിയപ്പെടും. ഈ ദിവസം പൂജ നടത്തുന്നവര്‍ക്ക് സര്‍വ നന്മകളും ഉണ്ടായിരിക്കും.

WEBDUNIA|
ഇതാണ് ഋഷിപഞ്ചമിയുടെ ഉല്‍ഭവ കഥ. ഈ ദിവസം വിശ്വകര്‍മ്മാവിന്‍റെ ക്ഷേത്രത്തില്‍ പോവുകയോ ദര്‍ശനം നടത്തുകയോ ചെയ്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവുമെന്നാണ് ഹൈന്ദവ വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :