ഹാജിമാര്‍ അല്ലാഹുവിന്‍റെ തിരുമുമ്പില്‍ ഹാജരാവുമ്പോള്‍ ആചരിക്കേണ്ട കാര്യങ്ങളുടെ ആകെത്തുകയാണ് ഇഹ്‌റാം. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടെ അതുവരെ അനുഭവിച്ചിരുന്നതും അനുവദിച്ചിരുന്നതുമായ പലതും നിഷിധമായിത്തീരും.
ഇഹ്‌റാം എന്നത് ഒരു പ്രത്യേക വേഷവിധാനത്തിന്‍റെ പേരല്ല. അല്ലാഹുവിന്‍റെ ദാസന്‍ അവിടത്തെ സവിധത്തില്‍ സന്നിഹിതനാവുമ്പോള്‍ ഉണ്ടാകേണ്ട ശാരീരികവും മാനസികവുമായ നമ്രതയും നൈര്‍മ്മല്യവുമാണ് ഇഹ്‌റാം ഉള്‍ക്കൊള്ളുന്നത്.
തുന്നിയ വസ്ത്രം, തൊപ്പി, കാലുറ എന്നിവ ധരിക്കരുത്. സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കരുത്. മുടി ചീകുക, രോമം മുറിക്കുക, നഖം വെട്ടുക എന്നിവ പാടില്ല. ലൈംഗിക ബന്ധത്തിനും വിലക്കുണ്ട്.
ഒരു അരയുടുപ്പും ഒരു പുതപ്പുമാണ് മുഹ്‌റിമിന്‍റെ വസ്ത്രം. ലളിത വസ്ത്രം ധരിച്ചുവേണം അല്ലാഹുവിന്‍റെ മന്ദിരത്തില്‍ ചെല്ലാന്‍. ധനവാനും ദരിദ്രനും രാജാവും മന്ത്രിയും പ്രജയും എല്ലാം ഒരേ വേഷം ധരിച്ചാണ് ഇവിടെയെത്തുക.
ഇസ്ലാമിന്‍റെ സമത്വ ഭാവത്തിന്‍റെ മികച്ച ഉദാഹരണമാണിത്. ഐഹിക സുഖാനുഭൂതികളുടെ ആസ്വാദനം വിലക്കുകയല്ല ഇഹ്‌റാമിന്‍റെ ഉദ്ദേശം. ജീവിതത്തില്‍ എല്ലാ സുഖ സൌകര്യങ്ങളും എല്ലാ കാലവും അനുഭവിച്ചു പോന്നവര്‍ക്കു പോലും അതല്ലാതെ മറ്റൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവില്ല. അതനുഭവിക്കാനും പ്രയോഗത്തില്‍ വരുത്താനും ഇഹ്‌റാമിന്‍റെ നിബന്ധനകള്‍ അവസരം നല്‍കുന്നു.
ഐഹിക ജീവിതത്തിന്‍റെ സുഖവും ധാരാളിത്തവും മനുഷ്യനെ അഹങ്കാരവും അഹന്തും ഉള്ളവനായി മാറ്റാറുണ്ട്. അത്തരക്കാരെ മറിച്ച് ചിന്തിപ്പിക്കാനും വിനയത്തിന്‍റെയും നിബന്ധനകള്‍ക്ക് വഴങ്ങുന്നതിന്‍റെയും പരിശീലനം നല്‍കുന്നതിന് ഇഹ്‌റാമിന്‍റെ ഉപാധികള്‍ സഹായമാവുന്നു.
സമഭാവനയുടെ അനുഭവം അവര്‍ക്ക് ഉണ്ടാവുന്നു. നോമ്പ്, ഹജ്ജ് എന്നിവയിലൂടെ ഇസ്ലാമിക അനുയായികള്‍ ഇത്തരമൊരു തര്‍ബിയത്തിന് (പരിശീലനത്തിന്) സ്വയം തയ്യാറാവുന്നുണ്ട്.
ഇഹ്‌റാമിലായിരിക്കെ ഒരു സത്യവിശ്വാസി കൂടുതല്‍ ആത്മീയ നിര്‍വൃതി കൈവരിക്കാനും ദൈവ സാമീപ്യം സ്വായത്തമാക്കാനും അനുയോജ്യമായ മാധ്യമമായി ഹജ്ജിനെ കണക്കാക്കാം.