ഗോമസിനെ.. സൂക്ഷിച്ചോളൂ

PRO
മൈക്കല്‍ ബെല്ലാക്ക്, മിറാസ്ലോവ് ക്ലോസ്, കെവിന്‍ ക്യുറാനി ഒടുവില്‍ ലൂക്കാസ് പെഡോള്‍‌സ്കിയും. ജര്‍മ്മനിയുടെ ഗോളടി വീരന്‍‌മാരെയും മദ്ധ്യനിരയിലെ പ്രതിഭകളെയുമെല്ലാം പരിചയമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഇനി ശ്രദ്ധിക്കേണ്ട പേരുകളില്‍ ഒന്ന് മരിയോ ഗോമസിന്‍റെതാണ്. ഗോളുകളുടെ പെരുക്കത്തില്‍ ഒരു ക്ലിന്‍‌സ്മാന്‍ തന്നെയാണ് ഇവന്‍.

ഫുട്ബോളില്‍ കാലിനേക്കാള്‍ തലച്ചോറ് പ്രയോഗിക്കുന്ന ഏതാനും ചില കളിക്കാരുടെ നിരയിലാണ് ഈ 22 കാരന്‍. വേഗതയും നല്ല ഡ്രിംബ്ലിംഗ് മികവും ബുദ്ധിപരമായ ഫിനിഷിംഗുമാണ് പ്രത്യേകതകള്‍. എന്ത് ചെയ്യുന്നു എന്ന എതിരാളികള്‍ ചിന്തിക്കുന്നതിനു മുമ്പ് തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപാരമായ ഫിനിഷിംഗ് പാടവം. യൂറോ 2008 ല്‍ കളിക്കാനായാല്‍ ലൂക്കാസ് പെഡോള്‍‌സ്കിയുടേയോ ക്യുറാനിയുടെയോ പകരക്കാരനായി കാണാനാകും.

ബുണ്ടാസ് ലീഗില്‍ വി എഫ് ബി സ്റ്റുട്ഗര്‍ട്ടിനു കളിക്കുന്ന താരം ഗോളടിയില്‍ എത്രമാത്രം കരുത്തനാണെന്ന് ക്ലബ്ബിന്‍റേയും രാജ്യത്തിന്‍റെയും റെക്കോഡുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. 22 വയസ്സേ പ്രായമായുള്ളെങ്കിലും ക്ലബ്ബിനായി 87 മത്സരങ്ങളില്‍ അടിച്ചു കൂട്ടിയത് 38 ഗോളുകള്‍. രാജ്യത്തിനായി ഒമ്പത് മത്സരമേ കളിച്ചുള്ളെങ്കിലും ഗോള്‍ ആറെണ്ണമായി.

ചോറ് സ്പെയിനിലാണെങ്കിലും ഗോമസിന് കൂറ് ജര്‍മ്മനിയോടാണ്. ജര്‍മ്മനിയുടെയും സ്പെയിന്‍റെയും ദേശീയത ഒപ്പം ഉണ്ടെങ്കിലും കളിക്കുന്നത് ജര്‍മ്മനിക്കു വേണ്ടി. സ്പാനിഷ് അച്ഛന്‍റെയും ജര്‍മ്മന്‍ അമ്മയുടെയും മകനായി ജര്‍മ്മനിയിലെ റെഡ്ലിംഗനില്‍ 1985 ജൂലായ് 10 ന്‍ ജനിച്ച താരം പതിനേഴാം വയസ്സ് മുതല്‍ ജര്‍മ്മന്‍ യൂത്ത്‌‌ടീമില്‍ കളി തുടങ്ങി.

2007 ഫെബ്രുവരി 7 ന് സ്വിറ്റ്സര്‍ലണ്ടിനെതിരെ 3-1 നു ജയിച്ച മത്സരത്തിലാണ് രാജ്യത്തിന്‍റെ സീനിയര്‍ കുപ്പായം അണിഞ്ഞത്. ഈ മത്സരത്തില്‍ ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ നേടിയ ഗോമസ് യൂറൊ 2008 യോഗ്യതാ മത്സരത്തില്‍ സാന്‍മാറിനോയ്‌ക്ക് എതിരെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ക്യുറാനിയുടെ പകരക്കാരനായി രണ്ട് ഗോളടിച്ചു.

ബുണ്ടാസ് ലീഗിലെ ഈ സീസണില്‍ സ്വന്തം ക്ലബ്ബ് പിടിച്ചു നില്‍ക്കാന്‍ ശ്വാസം മുട്ടുമ്പോഴും ഗോളടി കാര്യത്തില്‍ ഗോമസ് പിന്നിലായില്ല. ലീഗിലെ ടോപ് സ്കോറര്‍ ലൂക്കാ ടോണീക്കു പിന്നില്‍ 18 കളികളില്‍ 15 ഗോളുമായി രണ്ടാം സ്ഥാനത്ത് ഗോമസായിരുന്നു. 2007ലെ ജര്‍മ്മനിയിലെ മികച്ച ഫുട്ബോള്‍ താരവും ഈ ജര്‍മ്മന്‍-സ്പാനിഷ് വംശജനായിരുന്നു.

WEBDUNIA|
കൂട്ടുകാരുടെ പ്രിയപ്പെട്ട ‘മിസ്റ്റര്‍ റെലിയബിള്‍’ കഴിഞ്ഞ സീസണില്‍ രണ്ട് തവണ ലീഗില്‍ ഹാട്രിക്കും നേടി. 2004 മാര്‍ച്ചില്‍ ചെല്‍‌സിക്കെതിരെ ചാമ്പ്യന്‍‌സ് ലീഗിലായിരുന്നു ഗോമസിന്‍റെ അരങ്ങേറ്റം. ഒട്ടേറെ പ്രമുഖ ക്ലബ്ബുകള്‍ ഗോമസിന്‍റെ പിന്നാലെ ഉണ്ടെങ്കിലും താരത്തെ കൈവിടാന്‍ സ്റ്റുട്ഗര്‍ട്ട് ഒരുക്കമല്ല. 2012 വരെയാണ് ക്ലബ്ബുമായുള്ള കരാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :