ഞങ്ങള്‍ക്ക് മെസിയെ പേടിയില്ല, എല്ലാവരേയും പോലെ അദ്ദേഹവും മനുഷ്യനാണ്; ഓസ്‌ട്രേലിയന്‍ താരം

തങ്ങള്‍ക്ക് മെസിയെ പേടിയില്ലെന്നും യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങുന്നതെന്നും ഓസ്‌ട്രേലിയന്‍ ഡിഫന്റര്‍ മിലോസ് ഡെഗെനെക്ക് പറഞ്ഞു

രേണുക വേണു| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (15:40 IST)

ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം ഡിസംബര്‍ നാല് പുലര്‍ച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക. അര്‍ജന്റീനയെ എങ്ങനെ തോല്‍പ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. സാക്ഷാല്‍ ലയണല്‍ മെസിയെ പൂട്ടുക എന്നത് തന്നെയാകും അവരുടെ പ്രധാന തലവേദന.

തങ്ങള്‍ക്ക് മെസിയെ പേടിയില്ലെന്നും യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങുന്നതെന്നും ഓസ്‌ട്രേലിയന്‍ ഡിഫന്റര്‍ മിലോസ് ഡെഗെനെക്ക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഞാന്‍ മെസിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം വലിയൊരു കളിക്കാരനാണ്. പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പേടിയില്ല. മെസിക്കെതിരെ കളിക്കുന്നത് വലിയൊരു നേട്ടമായി കരുതുന്നില്ല. കാരണം ഞങ്ങളെ പോലെ അദ്ദേഹവും സാധാരണ മനുഷ്യനാണ്. പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ നേട്ടം. അര്‍ജന്റീനയ്‌ക്കെതിരെ ആയാലും പോളണ്ടിനെതിരെ ആയാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീ ക്വാര്‍ട്ടര്‍ കളിക്കുകയെന്നതാണ് ഞങ്ങളുടെ നേട്ടം. ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഞങ്ങള്‍ കളിക്കാന്‍ ഇറങ്ങുക. 11 കളിക്കാര്‍ 11 കളിക്കാര്‍ക്കെതിരെയാണ് കളിക്കുന്നത്. അല്ലാതെ 11 മെസിയൊന്നും അവിടെ ഇല്ലല്ലോ? ആകെ ഒരു മെസിയാണ് ഉള്ളത്. ഞാന്‍ മെസിയുടെ വലിയ ആരാധകന്‍ തന്നെയാണ്. പക്ഷേ മെസി ലോകകപ്പ് നേടുന്നതിനേക്കാള്‍ ഞങ്ങള്‍ ലോകകപ്പ് നേടുന്നത് കാണാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്,' ഡെഗ്നെക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :