മാഡ്രിഡ്|
jibin|
Last Modified വെള്ളി, 20 നവംബര്‍ 2015 (11:09 IST)
ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടമായ ആദ്യ എല്‍ ക്ളാസിക്കോ നാളെ. സ്പാനിഷ് ലാ ലിഗയില്‍ ഈ സീസണിലെ ആദ്യത്തെ യുദ്ധത്തിനാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ബൂട്ട് കെട്ടുന്നത്. നാളെ ഇന്ത്യന്‍ സമയം രാത്രി 10.45നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ വീക്ഷിക്കുന്ന പോരാട്ടം നടക്കുന്നത്.
റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണാബുവിലാണ് സീസണിലെ ആദ്യ എല്‍ ക്ളാസിക്കോ. റയലിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്നു നയിക്കുബോള്‍ സൂപ്പര്‍ താരമായ ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. പരിക്കില്‍ നിന്നു മെസി പൂര്‍ണമായി മോചിതനായിട്ടില്ല എന്നാണു റിപ്പോര്‍ട്ട്. അതുകൊണ്ട് ബാഴ്സയുടെ മുന്നേറ്റ നിരയില്‍ നെയ്‌മറും സുവരസുമായിരിക്കും കുന്തമുന.
എല്‍ക്ളാസിക്കോയുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ (സൌഹൃദം ഒഴികേ) വിജയം സ്വന്തമാക്കിയ ടീം റയല്‍ മാഡ്രിഡാണ്. ഇരുവരും ഏറ്റുമുട്ടിയ 229 മത്സരങ്ങളില്‍ 92 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്സലോണയും വിജയം 89 മത്സരങ്ങളിലാണ്. 48 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
സ്പാനിഷ് ലീഗിലെ കണക്കിലും റയലാണു മുന്നില്‍. 170 മത്സരങ്ങളില്‍ 71ല്‍ അവര്‍ ജയിച്ചപ്പോള്‍ 67 മത്സരങ്ങളിലാണ് ബാഴ്സ വിജയിച്ചത്. 32 മത്സരങ്ങള്‍ സമനിലയിലായി. എല്‍ ക്ളാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി ബാഴ്സയുടെ മുന്നേറ്റനിരയിലെ കരുത്തന്‍ ലയണല്‍ മെസിയുടെ പേരിലാണ്. 30 മത്സരങ്ങളില്‍ കളിച്ച മെസി 21 ഗോളുകള്‍ നേടി.