തിരുവനന്തപുരം|
jibin|
Last Updated:
ഞായര്‍, 3 ജനുവരി 2016 (11:39 IST)
സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലിന്റെ കിക്കോഫ് ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6.30 നാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനം തമ്മിലുള്ള സൂപ്പര്‍ പോരാട്ടം. കഴിഞ്ഞ രണ്ട് ഫൈനലുകളിലും ഇരുടീമുകളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുടീമുകളും തോൽവി അറിയാതെയാണ് ഫൈനൽ വരെയെത്തിയത്.
ആറു തവണ തെക്കനേഷ്യന്‍ രാജ്യങ്ങളിലെ ഫുട്ബോള്‍ രാജാക്കന്മാരായി ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് ഒരുതവണ മാത്രമാണ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചത്. 2013-ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അന്ന് അഫ്ഗാന്‍ കിരീടം ഉയര്‍ത്തിയത്. ഫിഫ റാങ്കിങ്ങിലെ മികവിനൊപ്പം ടൂര്‍ണമെന്‍റിലിതുവരെ നിറഞ്ഞു കളിച്ചാണ് അഫ്ഗാന്‍ കലാശപ്പോരിനത്തെുന്നത്.
സാഫ് കപ്പ് ഫൈനലില്‍ ആതിഥേയര്‍ തോറ്റിട്ടില്ലെന്ന ചരിത്രം കാത്തുസൂക്ഷിക്കാനാണ് ബ്രിട്ടീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യയുടെ തന്ത്രം ആവിഷ്കരിക്കുക. പ്രതിരോധമല്ല, ആക്രമണമാണ് ഗോളിലേക്ക് എപ്പോഴും വഴിതുറക്കുന്നതെന്ന് വിശ്വസിക്കുന്ന ക്രൊയേഷ്യന്‍ വംശജനായ കോച്ച് പീറ്റര്‍ സെഗ്രട്ടിന്റെ മന്ത്രം കേട്ടാണ് അഫ്ഗാന്റെ യുവനിര കളത്തിലിറങ്ങുക.
ലീഗ് മത്സരങ്ങളില്‍ നേപ്പാളിനേയും ശ്രീലങ്കയെയും പജായപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ എത്തിയത്. സെമിയില്‍ 3-2 എന്ന സ്കോറിന് മാലദ്വീപിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക്. ഭൂട്ടാനെയും, ബംഗ്ളാദേശിനെയും മാലദ്വീപിനെയും പരാജയപ്പെടുത്തി സെമിയിലെത്തിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ തകര്‍ത്താണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഫിഫ റാങ്കിംഗില്‍ 150-മത് സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്.