അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (13:57 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളുമായുള്ള മത്സരത്തിലും തോല്‍വി വഴങ്ങി നാണം കെട്ട് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് സിറ്റി പരാജയപ്പെടുന്നത്. എതിരാളികളായ ലിവര്‍പൂളിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ 2 ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ പരാജയം.
എപ്പോഴും ആവേശകരമാകുന്ന ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ഇക്കുറിയും അങ്ങനെ തന്നെയായിരുന്നു. ക്ലോപ്പിന്റെ കീഴിലല്ല ടീം ഇറങ്ങുന്നതെങ്കിലും ലിവര്‍പൂള്‍ ആരാധകര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും പരിശീലകന് പെപ്പ് ഗ്വാര്‍ഡിയോളയേയും മത്സരത്തിലുടനീളം പരിഹസിച്ചു. മത്സരത്തിനിടയില്‍ നാളെ നിങ്ങളെ ടീം പുറത്താക്കും എന്ന് പറഞ്ഞാണ് ലിവര്‍പൂള്‍ ആരാധകര്‍ പെപ്പ് ഗ്വാര്‍ഡിയോളയെ വരവേറ്റത്.
എന്നാല്‍ ആരാധകരുടെ ഈ ആര്‍പ്പുവിളികള്‍ക്ക് ആറ് വിരലുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു പെപ്പിന്റെ പ്രതികരണം. പരിശീലകനായി ആറ് പ്രീമിയര്‍ ലീഗ് കിരീടം തനിക്കുണ്ടെന്നാണ് പെപ്പ് ഇത് വഴി അര്‍ഥമാക്കിയത്. മത്സരശേഷം അന്ഫീല്ഡിലെ കാണികളില്‍ നിന്നും ഇങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് പെപ്പ് വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും അത് താന്‍ മനസിലാക്കുന്നുവെന്നും പെപ്പ് ഗ്വാര്‍ഡിയോള പറഞ്ഞു.