കണക്കുകൾ എഴുതുക, എഴുതികൊണ്ടേ ഇരിക്കുക, റെക്കോർഡുകൾ സ്വന്തമാക്കുന്നത് മെസ്സി നിർത്തുന്നില്ല

അഭിറാം മനോഹർ| Last Updated: ബുധന്‍, 14 ഡിസം‌ബര്‍ 2022 (13:15 IST)
തൻ്റെ കരിയറിലെ അവസാന ഫുട്ബോൾ ലോകകപ്പാകുമെന്ന് മെസ്സിക്ക് തന്നെ ബോധ്യമുള്ള ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്. അർജൻ്റീനയെ 2014ലെ ലോകകപ്പ് ഫൈനലിൽ എത്തിച്ചിരുന്നെങ്കിലും നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളിൽ കാലിടറുന്ന താരമെന്ന വിശേഷണവുമായായിരുന്നു ആ കുറിയ മനുഷ്യൻ ഇത്തവണ ലോകകപ്പിനെത്തിയത്.

തൻ്റെ നേർക്കുള്ള എല്ലാ വിമർശനങ്ങളെയും ഇല്ലാതാക്കുക എന്ന ഉറച്ചമനസ്സോടെ ഇറങ്ങിയ അർജൻ്റീനയുറ്റെ മിശിഹ ഖത്തർ ലോകകപ്പിൽ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. സെമിയിൽ ക്രൊയേഷ്യയ്ക്കെതിരെ നേടിയ മൂന്ന് ഗോളുകൾക്കും മെസ്സിയുടെ കയ്യൊപ്പുണ്ടായിരുന്നു.

സെമിഫൈനൽ മത്സരത്തോടെ ഏറ്റവും കൂടുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കളിച്ച കളിക്കാരനെന്ന നേട്ടത്തിൽ ജർമൻ ഇതിഹാസം ലോതർ മാത്തേവൂസിനൊപ്പമെത്താൻ മെസ്സിക്കായി. മത്സരത്തിൽ ഗോൾ നേടാനായതോടെ ലോകകപ്പിൽ അർജൻ്റീനയുടെ എക്കാലത്തെയും വലിയ ഗോൾസ്കോറർ എന്ന നേട്ടവും മെസ്സി സ്വന്തമാക്കി.

ഖത്തർ ലോകകപ്പിൽ അഞ്ച് ഗോളാണ് താരത്തിൻ്റെ പേരിലുള്ളത്. ഒറ്റ ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും മെസ്സി തൻ്റെ പേരിൽ ചേർത്തു. ഖത്തർ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോൾ പിറന്ന മത്സരത്തിലെ മെസ്സിയുടെ അസിസ്റ്റോടെ മറഡോണയുടെ 8 ലോകകപ്പ് അസിസ്റ്റുകളെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. കലാശക്കളിയിൽ ലോകകപ്പ് കൂടി സ്വന്തമാക്കാനായാൽ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ നേട്ടങ്ങളും മെസ്സിയെ കത്തിരിക്കുന്നു.

.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :