സച്ചിന്റെ നാട്ടില്‍ ബ്ലാസ്റ്റേഴ്സ് നാണംകെട്ടു

മുംബയ്| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (09:12 IST)
ടീമുടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജന്മനാട്ടില്‍ ബ്ലാസ്റ്റേഴ്സ് നാണംകെട്ടു. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സിയോട് തോറ്റത്. 45-ാം മിനിട്ടില്‍ ഫ്രഞ്ച് താരം നിക്കോളാസ് അനെല്‍ക്കയുടെ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ പൂനെയെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടന്‍മാര്‍ നന്നലെ മുംബയുടെ കരുത്തിന് മുന്നില്‍ നിഷ്‌പ്രഭമാവുകയായിരുന്നു.

44-ാം മിനിറ്റില്‍ അനെല്‍ക്കയുടെ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളാണ് കളിയുടെ വിധിയെഴുതിയത്. അതുവരെ താരതമ്യേന നന്നായി കളിച്ചിരുന്നു കേരളത്തിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ പോയി.

തണുപ്പന്‍ മട്ടില്‍ ആരംഭിച്ച കളി 15 മിനിറ്റിനുശേഷമാണ് ഉണരാന്‍ തുടങ്ങിയത്. ഗോളിയെ പരീക്ഷിക്കുന്ന രീതിയില്‍ ഷോട്ടുകള്‍ ഇരുഭാഗത്തുനിന്നുമുയര്‍ന്നില്ല. പകരം വിങ്ങിലൂടെ മുന്നേറി പന്ത് ബോക്‌സിലേക്ക് മറിക്കുന്ന പരീക്ഷണമാണ് രണ്ടു ടീമുകളും തുടര്‍ന്നത്. ഇക്കാര്യത്തിലും അല്‍പ്പം മുന്നില്‍ കേരളടീംതന്നെയായിരുന്നു. പന്തുവിട്ടുകൊടുക്കാതെ കേരളം കളിയില്‍ മേധാവിത്വം പുലര്‍ത്തി നിന്നു. മുംബൈയുടെ പകുതിയില്‍ കളി ഏറെ സമയം തളച്ചിടുന്നതിലും കേരളം വിജയിച്ചു.

കേരള ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും ഇയാന്‍ ഹ്യൂമും പെഡ്രോയും മുംബൈ പ്രതിരോധത്തെ ആശങ്കയിലാക്കി കൊണ്ടിരുന്നു. ഇടതുവലതു വിങ്ങുകളില്‍ നിന്നും മുംബൈയുടെ ബോക്‌സിലേക്ക് പന്ത് തുടര്‍ച്ചയായി പറന്നിറങ്ങി. എന്നാല്‍ ഇവയെ ഗോളിലേക്കുള്ള വഴിയിലൂടെ തുറന്നു വിടുന്നതില്‍ കേരളത്തിന്റെ മുന്നേറ്റനിര പരാജയപ്പെട്ടു. വിജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. നിക്കോളസ് അനെല്‍ക്കയാണ് കളിയിലെ താരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :