ഗോട്ട് ചര്‍ച്ചകള്‍ക്ക് വിരാമം; ലോകകപ്പില്‍ ഒരുപിടി റെക്കോര്‍ഡുകളുമായി ലയണല്‍ ആന്ദ്രേ മെസി

അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് നായകന്‍ മെസി തന്നെയാണ്

രേണുക വേണു| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (07:03 IST)

ഫുട്‌ബോള്‍ ലോകത്തെ ഗോട്ട് ചര്‍ച്ചകള്‍ക്ക് വിരാമം. ഇടംകാലില്‍ മാന്ത്രികത ഒളിപ്പിച്ച ലയണല്‍ ആന്ദ്രേ മെസി ഇപ്പോള്‍ പരിപൂര്‍ണനാണ്. പത്താം നമ്പര്‍ ജേഴ്‌സിയില്‍ നേടാന്‍ ആവുന്നതെല്ലാം കൈപിടിയിലൊതുക്കി. ആരാധകരുടെ മനം നിറച്ച്, വിമര്‍ശകരുടെ വായ അടപ്പിച്ച് അയാള്‍ സാക്ഷാല്‍ മിശിഹായായി.

അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് നായകന്‍ മെസി തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു മെസി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് നഷ്ടമായത് തലനാരിഴയ്ക്കാണ്. അതില്‍ മെസിക്ക് ഒരു വിഷമവും നിരാശയും ഉണ്ടാകില്ല. കാരണം ലോകകപ്പിന്റെ ലഹരിയോളം ഒന്നും അയാളെ മത്തുപിടിപ്പിക്കുന്നില്ല.

ലോകകപ്പില്‍ രണ്ടാം തവണയാണ് മെസി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുന്നത്. രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് മെസി. 2014 ലോകകപ്പില്‍ ജര്‍മനിയോട് ഫൈനലില്‍ അര്‍ജന്റീന തോറ്റെങ്കിലും അന്ന് മെസിക്കാണ് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്.

ലോകകപ്പ് നോക്കൗട്ടില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസിക്ക്. ഈ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളിലും മെസി ഗോള്‍ നേടി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടത്തിലും മെസി തന്റെ പേര് എഴുതി ചേര്‍ത്തു.

ലോകകപ്പില്‍ മെസി ഇതുവരെ 13 ഗോളും എട്ട് അസിസ്റ്റുകളും നടത്തിയിട്ടുണ്ട്. ആകെ 21 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയെന്ന റെക്കോര്‍ഡും മെസിക്ക് തന്നെ.

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരവും മെസി തന്നെ, 26 മത്സരങ്ങള്‍. ലോകകപ്പില്‍ അസിസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടാമന്‍ (ഒന്‍പത് അസിസ്റ്റുകള്‍).
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :