'വിരമിക്കുക, മെസ്സി അർജൻറീന ടീമിലേക്കു തിരിച്ചു വരരുത്': മറഡോണ

'വിരമിക്കുക, മെസ്സി അർജൻറീന ടീമിലേക്കു തിരിച്ചു വരരുത്': മറഡോണ

Rijisha M.| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (14:01 IST)
അർജന്റീന ടീമിലേക്കുള്ള മെസിയുടെ തിരിച്ചു വരവും കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ ഇതിഹാസ താരമായ പറയുന്നത് ഇങ്ങനെയല്ല. ഇനി തിരിച്ചുവരരുത്, നിങ്ങൾ ഇല്ലാതെ ടീമിന് എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇനി അറിയേണ്ടത് എന്നാണ് മറഡോണ പറയുന്നത്.

റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനോടു തോൽവിയേറ്റു വാങ്ങി പുറത്തായതിനു ശേഷം ദേശീയ ടീമിനു വേണ്ടി ഒരു മത്സരം പോലും മെസി കളിച്ചിട്ടില്ല. താരം ടീമിലേക്കു തിരിച്ചു വരുമെന്ന് അർജന്റീനയുടെ താൽക്കാലിക പരിശീലകനും താരങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഇതുവരെ അക്കാര്യത്തിൽ മെസി തീരുമാനം പറഞ്ഞിട്ടുമില്ല.

ഇതിനിടയിലാണ് മെസിയോട് ദേശീയ ടീമിൽ നിന്നും വിരമിക്കാൻ മറഡോണ പറയുന്നത്. 'എന്താണ് പറയേണ്ടത്? തിരിച്ചുവരരുത് ഇനി ഒരിക്കലും. ദേശീയ ടീമിൽ നിന്നും വിരമിക്കുക. അർജൻറീനയുടെ U15 ടീം തോറ്റാൽ അത് മെസ്സിയുടെ തെറ്റാണ്, എല്ലായിപ്പോഴും മെസിയാണു കുറ്റക്കാരൻ.'

"താരമില്ലാതെ ടീമിനു എന്തു ചെയ്യാൻ കഴിയുമെന്നാണ് ഇനി അറിയേണ്ടത്. ലോകകപ്പിൽ അർജന്റീന ടീം തോറ്റത് മെസിയുടെ കുറ്റമല്ല. ജയിക്കണമെന്ന വികാരം അർജൻറീനക്കിപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. കുഞ്ഞൻ ടീമുകളോടു പോലും അർജൻറീനക്കിപ്പോൾ കളിച്ചു ജയിക്കാനാവില്ല. ദേശീയ ടീമിനുണ്ടായിരുന്ന പേരും പെരുമയുമെല്ലാം ഇപ്പോൾ ചവറ്റുകുട്ടയിലാണ്.” മറഡോണ ക്ലാരിൻ എന്ന മാധ്യമത്തോടു സംസാരിക്കുമ്പോൾ തുറന്നടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :