സാന്റിയാഗോ|
VISHNU N L|
Last Modified ഞായര്‍, 5 ജൂലൈ 2015 (10:35 IST)
ലയണല്‍ മെസ്സി എന്ന് സിംഹവും അര്‍ജന്റീനയെന്ന കരുത്തനായ എതിരാളികളുമുണ്ടായിട്ടും കോപ്പ അമേരിക്ക കിരീടം ആതിഥേയരായ ചിലി ഉയര്‍ത്തി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ തറവാട്ടുകാര്‍ എന്നാണ് അവകാശവാദമെങ്കിലും ഒരു മേജര്‍ കിരീടം പോലും ഇതുവരെ സ്വന്തമായില്ലാതിരുന്ന ചിലിയുടെ ആദ്യ കോപ്പ കിരീടമാണ് അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ച് സ്വന്തമാക്കിയത്. സ്‌കോര്‍ 4-1.
മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റി എടുത്ത ചിലിയുടെ മത്തിയാസ് ഫെര്‍ണാണ്ടസ്, അര്‍ട്ടൂറോ വിദാല്‍, ചാള്‍സ് അരാംഗിസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അര്‍ജന്റീനിയന്‍ നിരയിലെ ഹിഗ്വന്‍, ബനേഗ എന്നിവര്‍ കിക്കുകള്‍ പാഴാക്കി. നാട്ടുകാര്‍ക്ക് മുമ്പില്‍ എടുത്ത പെനാല്‍റ്റിയെല്ലാം ചിലി വലയില്‍ എത്തിച്ചപ്പോള്‍ അര്‍ജന്റീനിയന്‍ നിരയില്‍ ഈ ഭാഗ്യം സൂപ്പര്‍താരം മെസ്സിക്ക് മാത്രമായി.
സാധാരണ സമയത്തിന് പുറമേ പെനാല്‍റ്റിയിലും ഗോള്‍ കണ്ടെത്താനാകാഞ്ഞ ഇറ്റാലിയന്‍ ക്‌ളബ്ബ് നാപ്പോളിയുടെ താരമായ ഹിഗ്വനായിരുന്നു അര്‍ജന്റീനയുടെ വില്ലന്‍. ഒട്ടേറെ ഉറപ്പിച്ച അവസരങ്ങളാണ് ഹിഗ്വന്‍ പാഴാക്കിയത്. മദ്ധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിക്കപ്പെട്ട മെസിയെ ചിലിയന്‍ പ്രതിരോധം നന്നായി പൂട്ടുകയും ചെയ്‌തു. കളി വിരസമായിരുന്നെങ്കിലും അര്‍ജന്റീനയുടെ കിടയറ്റ മുന്നേറ്റ നിരയെ എങ്ങനെ പൂട്ടാമെന്ന് ഗൃഹപാഠം ചെയ്‌താണ് ചിലിയെത്തിയത്.