അപർണ|
Last Modified വ്യാഴം, 19 ജൂലൈ 2018 (09:02 IST)
കൊച്ചിയില്‍ പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാരെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ 31 അംഗ ടീമില്‍ 11 മലയാളികൾ. മലയാളികളെ മാത്രം ഇറക്കി കളിച്ചാലും അസ്സലൊരു ടീമായി മാറാന്‍ സാധിക്കും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്. ഇപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ടീം ശരിക്കും കേരള ബ്ലാസ്റ്റേഴ്സ് ആയതെന്ന് സോഷ്യൽ മീഡിയ.
സി കെ വിനീത്, അനസ് എടത്തൊടിക, എം പി സ്‌ക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ ഇതിനു മുമ്പ്തന്നെ ഐ എസ് എല്ലില്‍ ബൂട്ടണിഞ്ഞവരാണ്. ഇതാദ്യമാണ് സ്വന്തം നാട്ടിലെ ഇത്രയധികം കളിക്കാര്‍ ഒരു ഐ എസ് എല്‍ ടീമില്‍ ഇടം പിടിക്കുന്നത്.
ഇതാദ്യമായാണ് ഇന്ത്യയില്‍ വമ്പന്‍ ക്ലബുകള്‍ പങ്കെടുക്കുന്ന ഒരു പ്രീ സീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്. കൊച്ചിയെ വീണ്ടും മഞ്ഞ പുതപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.