Lionel Messi: ഇനിയൊരു തിരിച്ചുപോക്കില്ല, കരിയറിന്റെ അവസാനം ഇന്റര്‍ മയാമിയില്‍ തന്നെയെന്ന് മെസ്സി
Lionel messi, Inter miami
ഞാന്‍ ഫുട്‌ബോള്‍ വിടാന്‍ തയ്യാറല്ല. ഫുട്‌ബോളിന് ശേഷം എന്തായിരിക്കും ജീവിതം എന്നോര്‍ത്ത് ഭയമുണ്ട്. ഇഎസ്പിഎന്‍ അര്‍ജന്റീനയോട് മെസ്സി പറഞ്ഞു. ഞാന്‍ എന്റെ ജീവിതകാലം അത്രയും ചെയ്തത് ഇതാണ്. പരിശീലനങ്ങളും ഗെയിമുകളും ഞാന്‍ ആസ്വദിക്കുന്നുണ്ട്. എല്ലാം അവസാനിക്കുമോ എന്ന ഭയം എപ്പോഴുമുണ്ട്. ഇന്റര്‍ മയാമി എന്റെ അവസാന ക്ലബായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. മെസ്സി പറഞ്ഞു.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായി നിലവില്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പമാണ് മെസ്സി. 2021ല്‍ ആയിരുന്നു മെസ്സി സീനിയര്‍ ടീമില്‍ തന്റെ ആദ്യ മേജര്‍ കിരീടമായ കോപ്പ അമേരിക്ക സ്വന്തമാക്കുന്നത്. ഇതിന് പിന്നാലെ 2022ല്‍ ഫൈനലീസിമ കിരീടവും ഫിഫ ലോകകപ്പും അര്‍ജന്റീനയ്ക്കായി സ്വന്തമാക്കാന്‍ മെസ്സിക്ക് സാധിച്ചു. മേജര്‍ കിരീടങ്ങള്‍ രാജ്യത്തിന് നേടികൊടുക്കാനായതോടെ വലിയ സമ്മര്‍ദ്ദങ്ങള്‍ ഒഴിവായെന്നും കൂടുതല്‍ സ്വതന്ത്രമായാണ് നിലവില്‍ ഫുട്‌ബോള്‍ ആസ്വദിക്കുന്നതെന്നും അടുത്തിടെ മെസ്സി വ്യക്തമാക്കിയിരുന്നു. യുവതാരങ്ങള്‍ അടങ്ങിയ ബ്രസീല്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും കോപ്പ കിരീടം നിലനിര്‍ത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തവണ അര്‍ജന്റീന ഇറങ്ങുന്നത്.