അയാൾ ശ്രമിച്ചത് മുഴുവൻ നെതർലൻഡ്സിനെ വിജയിപ്പിക്കാൻ, റഫറിക്കെതിരെ എമിലിയാനോ മാർട്ടിനെസും

അഭിറാം മനോഹർ| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (13:39 IST)
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ അർജൻ്റീന- നെതർലൻഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി ആൻ്റോണിയോ മറ്റേയുവിനെതിരെ രൂക്ഷവിമർശനവുമായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എങ്ങനെയും നെതർലൻഡ്സിനെ കൊണ്ട് സമനില ഗോൾ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടയാളാണെന്നും മാർട്ടിനെസ് മത്സരശേഷം പറഞ്ഞു.

കളിയുടെ ഭൂരിഭാഗവും ഞങ്ങൾ നന്നായി കളിച്ചു. 2-0 എണ്ണനിലയിൽ ലീഡെടുത്തതോടെ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായി. അതിനിടെ വന്ന അപ്രതീക്ഷിത ഗോൾ എല്ലാം തകിടം മറിച്ചു. പെട്ടെന്നുള്ള ഫ്ലിക്ക് എനിക്ക് കാണാനായില്ല. അതിന് ശേഷമുള്ള റഫറിയുടെ തീരുമാനമെല്ലാം അവർക്ക് അനുകൂലമായിട്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് 10 മിനിട്ടാണ് മത്സരത്തിൽ അധികമായി നൽകിയത്.

അത് പോരാത്തതിന് ബോക്സിന് തൊട്ടുപുറത്ത് അനാവശ്യമായ ഫ്രീകിക്കുകൾ നൽകി. ഒന്നോ രണ്ടോ തവണയല്ല മൂന്ന് വട്ടം. അവരെ എങ്ങനെയും ഗോൾ അടുപ്പിക്കുക എന്നതായിയിരുന്നു അയാളുടെ ലക്ഷ്യം. ലോകകപ്പിൽ അയാളെപോലുള്ള റഫറിമാരെയല്ല വേണ്ടത്. എമിലിയാനോ പറഞ്ഞു. നേരത്തെ അർജൻ്റീനൻ നായകൻ ലയണൽ മെസ്സിയും റഫറിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :