'എന്നെ കൊല്ലാന്‍ അവര്‍ നോക്കും, മെസിക്ക് വേണ്ടി ചാകാതിരിക്കാന്‍ ഞാനും'; എതിരാളികള്‍ക്ക് ചൂടോടെ മറുപടി കൊടുക്കുന്ന എമി

മെസിക്ക് വേണ്ടി താന്‍ മരിക്കാനും തയ്യാറാണെന്ന് എമി വെറുതെ പറഞ്ഞത

രേണുക വേണു| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (07:32 IST)

ഒരിക്കല്‍ കൂടി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റിനു മുന്നില്‍ വന്മതിലായി. 'പേരുകേട്ട ഏത് കൊലകൊമ്പനായാലും പോരിന് വാ, കളത്തില്‍ കാണിച്ചുതരാം' എന്നൊരു മനോഭാവം മാത്രമേ എമിക്ക് ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അതില്‍ നിര്‍ണായ പങ്ക് വഹിച്ചതും എമിലിയാനോ മാര്‍ട്ടിനെസ് തന്നെ.

കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും തന്നെ നേരിടാന്‍ വരുന്നവര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ അയാള്‍ക്ക് അറിയാം. യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്‌പ്പോഴും നിലവാരമുള്ള മത്സരങ്ങള്‍ കളിക്കുന്നതെന്നും ഫൈനലിനു മുന്‍പ് ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെ പറഞ്ഞതിനു എമി നല്‍കിയ മറുപടി കേട്ടാല്‍ തോല്‍ക്കാന്‍ മനസ്സിലാത്തവന്റെ ചൂടും ചൂരും അതില്‍ കാണാം. എംബാപ്പെയ്ക്ക് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്നും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടാതിരിക്കാനുമായിരുന്നു എമിലിയാനോ മാര്‍ട്ടിനെസിന്റെ കൗണ്ടര്‍ അറ്റാക്ക്. അതുകൊണ്ടും തീര്‍ന്നില്ല. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങിയ ശേഷം എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ ആഹ്ലാദപ്രകടനം ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ പരിഹസിച്ച എല്ലാവര്‍ക്കുമുള്ള മറുപടിയായിരുന്നു.

രാജ്യാന്തര കരിയറില്‍ മാര്‍ട്ടിനെസ് ഇതുവരെ നേരിട്ടത് 39 പെനാല്‍റ്റികള്‍. അതില്‍ ഒന്‍പത് ഷോട്ടുകളും മാര്‍ട്ടിനെസ് സേവ് ചെയ്തിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ട് പെനാല്‍റ്റി കിക്കുകളാണ് മാര്‍ട്ടിനെസ് തടുത്തിട്ടത്. ഇപ്പോള്‍ ഇതാ ഫൈനലില്‍ ഒരെണ്ണവും. മാര്‍ട്ടിനെസിന്റെ മനസാന്നിധ്യത്തിനു മുന്നില്‍ ഒരു ഫ്രഞ്ച് താരത്തിനു പിഴയ്ക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു ഫ്രാന്‍സ് സൂപ്പര്‍താരം കിലിയെന്‍ എംബാപ്പെയുടെ വെടിയുണ്ട കണക്കെയുള്ള പെനാല്‍റ്റി കിക്കിനെ പോലും അസാമാന്യ ടൈമിങ്ങിലൂടെ എമി തടുക്കാന്‍ ശ്രമിച്ചിരുന്നു.

മെസിക്ക് വേണ്ടി താന്‍ മരിക്കാനും തയ്യാറാണെന്ന് എമി വെറുതെ പറഞ്ഞതല്ല. അര്‍ജന്റീന ഈ ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ മെസി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് എമിലിയാനോ മാര്‍ട്ടിനെസിനോട് തന്നെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :