പ്രീമിയർ ലീഗ് നിയമം തടസമാകും: ഏഴാം നമ്പർ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (16:49 IST)
12 വർഷത്തിന് ശേഷം മാഞ്ചസ്റ്ററിൽ തിരിച്ചെത്തുന്ന ‌സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഏഴാം നമ്പർ ജേഴ്‌സി ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ എഡിൻസൺ കവാനിയാണ് മാഞ്ചസ്റ്ററിന്റെ ഏഴാംനമ്പർ ജേഴ്‌സി അണിയുന്നത്. ഏഴാം നമ്പർ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ നൽകണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിലെ നിയമപ്രകാരം താരത്തിന് ഈ നമ്പർ ലഭിക്കുവാൻ ഇടയില്ല.

സീസൺ തുടങ്ങികഴിഞ്ഞാൽ നമ്പറുകൾ മാറ്റാൻ ക്ലബുകൾക്ക് ഇ‌പിഎല്ലിൽ അധികാരമില്ല. ഈ നിയമമാണ് ക്രിസ്റ്റ്യാനോയ്ക്ക് തടസമാകുന്നത്. 2021-22 സീസണിൽ കവാനിയുടെ കൈകളിലാണ് ഏഴാം നമ്പർ ജേഴ്‌സി. ഈ സീസൺ മുഴുവൻ ഇത് കവാനിയുടെ കൈകളിലായിരിക്കും. അല്ലെങ്കിൽ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് കവാനിയെ യുണൈറ്റഡ് വിൽക്കേണ്ടി വരും. റൊണാൾഡോയ്ക്ക് ഏഴാം നമ്പർ ലഭിക്കുന്നതിന് വേണ്ടി മാത്രമായി കവാനിയെ കൈവിടാൻ യുണൈറ്റഡ് തയ്യാറാവില്ല. ക്രിസ്റ്റ്യാനോയ്ക്ക് ജേഴ്സി ലഭിക്കുന്നതിനായി പ്രീമിയർ ലീഗിന്റെ പ്രത്യേക അനുമതി വാങ്ങുക എന്നത് മാത്രമാണ് മാഞ്ചസ്റ്ററിന് ഇനി ചെയ്യാനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :