അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (17:52 IST)
സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ക്ലബിനെതിരായ പരാമര്‍ശത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ സൗദി പ്രോ ലീഗ്. റയല്‍ മാഡ്രിഡിലെ സഹതാരമായിരുന്ന കരിം ബെന്‍സേമയെ സ്വന്തമാക്കാന്‍ അല്‍ ഹിലാലിനെ അനുവദിക്കരുതെന്ന തരത്തില്‍ റൊണാള്‍ഡോ നടത്തിയ പരാമര്‍ശമാണ് സൗദിയില്‍ വിവാദമായിരിക്കുന്നത്. സൗദി ലീഗ് അല്‍ ഹിലാലിനോട് പക്ഷപാതം കാണിക്കുന്നതായും റൊണാള്‍ഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്‍ നസ്‌റിന്റെ കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല.
2027 വരെ ക്ലബുമായി കരാറുണ്ടെങ്കിലും സൗദി ലീഗിന്റെ നടത്തിപ്പുമായി പല കാര്യത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ ലീഗ് വിടാന്‍ ആലോചിക്കുന്നതായാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്റ്റ്യാനോ വെറുമൊരു കളിക്കാരന്‍ മാത്രമാണെന്നും ലീഗിന്റെ നടത്തിപ്പില്‍ ഇടപെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗ് അധികൃതര്‍ തന്നെ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. 2023ല്‍ അല്‍ നസ്‌റിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെയും ടീമിനൊപ്പം ഒരു പ്രധാന കിരീടം സൗദി ലീഗില്‍ നേടാന്‍ സാധിച്ചിട്ടില്ല.