ലിസ്ബൺ|
Last Updated:
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (15:36 IST)
ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും വന്ന വഴി മറക്കാന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തയ്യാറല്ല. ബാല്യവും കൌമാരവും പട്ടിണിയും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്, അതോര്‍ത്ത് വിതുമ്പാനും മടിയില്ല. പിതാവ് ജോസ് ഡിനിസ് അവെയ്റോയുടെ മരണവും മകനെ വളര്‍ത്താന്‍ അമ്മ കഷ്‌ടപ്പെട്ടതും ലോകത്തോട് തുറന്നു പറയാന്‍ പുല്‍ മൈതാനത്തെ പോരാളിക്ക് മടിയില്ല.
പട്ടിണിയും ഇല്ലായ്‌മകളുമാണ് തനിക്ക് ചുറ്റും ഉണ്ടായിരുന്നതെന്ന് റൊണാൾഡോ എന്നും പറയാറുണ്ട്. അന്ന് ഒപ്പം നിന്നവരെയും സഹായിച്ചവരെയും ഇന്നും ഓര്‍ക്കുന്നുണ്ടെന്നും മനസില്‍ അവര്‍ക്ക് ഒരു സ്ഥാനം ഉണ്ടെന്നുമാണ് പ്രശസ്‌ത കമന്റേറ്റര്‍ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തില്‍ പോര്‍ച്ചുഗീസ് താരം പറയുന്നത്.
ബാല്യകാലത്ത് വിശപ്പടക്കാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയേയും അവരുടെ കൂട്ടുകാരികളെയും താന്‍ ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റൊണാൾഡോ അഭിമുഖത്തില്‍ പറയുന്നത്.
“ഫുട്‌ബോളിനോടുള്ള താല്‍പ്പര്യം മൂലം ജന്മനാടായ മദീര വിട്ട് പോർച്ചുഗൽ തലസ്ഥാനനഗരമായ ലിസ്ബനിൽ എത്തിയിരുന്നു താന്‍. മികച്ച പരിശീലനം ലഭിക്കുകയായിരുന്നു ലക്ഷ്യം. മത്സരങ്ങളും പരിശീലനവും ചിട്ടയായി നടന്നെങ്കിലും ഭക്ഷണത്തിന് മാര്‍ഗമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. മൈതാനത്തിനു സമീപമുള്ള മക്ഡോണൾഡ്സ് ഭക്ഷണശാല ആയിരുന്നു എന്റെയും സുഹൃത്തുക്കളുടെയും ആശ്രയം. രാത്രിയില്‍ കട അടയ്‌ക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ എത്തും. മിച്ചം വരുന്ന ബര്‍ഗറുകളായിരുന്നു ലക്ഷ്യം”
“പരിശീലനത്തിന്റെ വിഷമതകള്‍ മൂലം വിശന്ന് വലഞ്ഞ് എത്തുന്ന ഞങ്ങള്‍ക്ക് ഒട്ടും മടിയില്ലാതെ ബര്‍ഗറുകള്‍ എടുത്തു നല്‍കുന്ന ജോലിക്കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു അവിടെ. ‘എഡ്ന’ എന്നായിരുന്നു അവളുടെ പേര്. അവള്‍ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങള്‍ക്ക്
ബര്‍ഗറുകള്‍ വിളമ്പി. എന്റെയും കൂട്ടുകാരുടെയും വിശപ്പകറ്റാന്‍ അവര്‍ സമയം ചെലവഴിച്ചു”
“വര്‍ഷങ്ങള്‍ക്ക് ശേഷം പോർച്ചുഗൽ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം എഡ്നയെ കണ്ടിട്ടില്ല. മികച്ച ജീവിത സാഹചര്യത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അവളെയും കൂട്ടുകാരികളെയും അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. ആ റസ്‌റ്റോറന്റ് പോലും അവിടെയില്ല. എഡ്‌നയേയും കൂട്ടുകാരികളെയും ഞാന്‍ ഇന്നും അന്വേഷിക്കുകയാണ്. കണ്ടെത്തിയാല്‍ അവരെ വീട്ടിലേക്കു ക്ഷണിക്കും” - എന്നും റൊണാൾഡോ പറഞ്ഞു.