ഹാട്രിക്കും റെക്കോഡും നേടി വിമർശകരുടെ വായടപ്പിച്ച് റൊണാൾഡോ, ടോട്ടനത്തെ തവിടുപൊടിയാക്കി യുണൈറ്റഡ്

അഭിറാം മനോഹർ| Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (08:44 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാർ വിജയിച്ചത്. ഹാട്രിക് നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതിശയകരമായ പ്രകടനമാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 12, 38, 81 മിനിറ്റുകളില്‍ ഗോളടിച്ചാണ് റൊണാള്‍ഡോ ഹാട്രിക്ക് നേടിയത്. ഈ സീസണില്‍ താരത്തിന്റെ ആദ്യ ഹാട്രിക്കാണ്. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഫോം കണ്ടെത്താൻ കഴിയാതിരുന്ന റൊണാൾഡോ വിമർശകരുടെ മുഖം അടച്ചു നൽകിയ മറുപടിയായി ഈ ഹാട്രിക് നേട്ടം. കഴിഞ്ഞ 10 മത്സര‌ങ്ങളിൽ ഒരു ഗോൾ മാത്രമായിരുന്നു താരത്തിന് നേടാനായത്.

അതേസമയം ഹാട്രിക്കിലൂടെ പ്രഫഷണല്‍ ഫുട്‌ബോളില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി. കരിയറിലെ 807ആം ഗോ‌ളാണ് റൊണാൾഡോ സ്വന്തമാക്കിയത്.ഓസ്ട്രിയ-ചെക്ക് ടീമുകളുടെ താരമായിരുന്ന ജോസഫ് ബിക്കാന്റെ റെക്കോഡാണ് പഴംകഥയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :