ബര്‍ലിന്‍|
jibin|
Last Modified ശനി, 6 ജൂണ്‍ 2015 (11:24 IST)
ചരിത്രമുറങ്ങുന്ന ബര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലെക്ക് ഒരിക്കല്‍ കൂടി ലോകത്തിന്റെ കണ്ണ് എത്തിനോക്കുന്നു. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന യൂറോപ്പ്യൻ
ചാമ്പ്യസ് ലീഗ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുബോള്‍ മറ്റൊരു ലോകപോരാട്ടമാകും നടക്കുക. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.15ന് ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ യുവന്‍റസും സ്പാനിഷ് ജേതാക്കള്‍ ബാഴ്‌സലോണയും കൊമ്പുകോര്‍ക്കുന്നത്.
സീസണിലെ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ബാഴ്‌സലോണ എത്തുന്നത്. ലാ ലിഗ, കിംഗ്‌സ് കപ്പ് ജേതാക്കളായ മെസിക്കും സംഘത്തിനും ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകുന്നില്ല. ഇറ്റാലിയിലെ സീരി ‘എ’, കോപ്പ ഇറ്റാലിയ ജേതാക്കളായാണ് യുവന്‍റസുമത്തെുന്നത്. ലോകത്ത് ഇന്ന് കിട്ടാവുന്നതിൽവച്ച് ഏറ്റവും മികച്ച മുന്നേറ്റ നിരക്കാരുമായാണ് ബാഴ്‌സ എത്തുന്നത്. മെസി, നെയ്‌മര്‍, സുവാരസ് ത്രയത്തെ ആര്‍ക്ക് പിടിച്ചുക്കെട്ടാന്‍ സാധിക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. മൂവരും കൂടി ഈ സീസണിൽ ബാഴ്സയ്ക്കായി 120 ഗോളുകൾ ഇതിനകം നേടിക്കഴിഞ്ഞു. മെസി മാത്രം ഈ സീസണിൽ 58 ഗോളുകളാണ് നേടിയത്. ഇതിനാല്‍ നിലവിലെ ഫോമിൽ ബാഴ്സലോണ തന്നെയാണ് ഒരുപിടി മുന്നിൽ.
അതേവേഗവും മനക്കരുത്തുമായി ബാഴ്‌സലോണയെ വെല്ലുവിളിക്കാന്‍ കെല്‍പുള്ളവര്‍ നിലവില്‍ യുവന്‍റസ് മാത്രമെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരില്‍ ഒരുപക്ഷം. നായകനായി വലകാക്കുന്ന ജിയാന്‍ ലൂയിജി ബുഫണും മധ്യനിരയിലെ പ്ളേമേക്കര്‍ ആന്ദ്രെ പിര്‍ലോ, മുന്നേറ്റ നിരയിൽ ടെവസ്, മൊറാട്ട തുടങ്ങി ശക്തരായ ഒരു പിടി താരങ്ങൾ യുവന്റസിന്റെ പോർ നിരയിലുണ്ട്. ലോകകപ്പിൽ സുവാരസിന്റെ കടിയേറ്റ ഡിഫൻഡർ ചെല്ലിനി ഇന്ന് പരിക്കുമൂലം കളിക്കാനിറങ്ങാത്തത് യുവന്റസിന് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ, പ്രവചനങ്ങളിലും ബലാബലം. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണ മാത്രമേ യുവന്‍റസ് കപ്പ് ഉയര്‍ത്തിയിട്ടുള്ളൂ (1985, 1996).