ലോകകപ്പ് നോക്കൗട്ടിലെ ഗോൾ വരൾച്ചയ്ക്ക് അറുതിയിട്ട് മെസ്സി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (17:39 IST)
ലോകകപ്പിൽ അർജൻ്റീനയെ ഫൈനൽ വരെയെത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും നോക്കൗട്ട് മത്സരത്തിൽ നേടി ടീമിനെ വിജയത്തിലെത്തിക്കാൻ സൂപ്പർ താരമായ ലയണൽ മെസ്സിയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. ഓസീസിനെതിരെ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടാനായതോടെ ഈ ചീത്തപേര് ഇല്ലാതാക്കിയിരിക്കുകയാണ്‌ മെസ്സി.

മെസ്സിയെ പോലെ തന്നെ നോക്കൗട്ടിൽ ഗോൾ നേടാൻ പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല. സ്വിറ്റ്സർലൻഡിനെതിരെ ക്രിസ്റ്റ്യാനോ നോക്കൗട്ട് മത്സരത്തിൽ ഇറങ്ങുമ്പോൾ മെസ്സി കാണിച്ചത് ആവർത്തിക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ നോക്കൗട്ടിൽ കളിക്കുന്നത്. എന്നാൽ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെയും ഗോൾ കണ്ടെത്താൻ താരത്തിനായിട്ടില്ല.

2006ലെ ലോകകപ്പ് പ്രീക്വാർട്ടറിൽ പരിക്ക് കാരണം അര മണിക്കൂർ നേരം മാത്രമായിരുന്നു ക്രിസ്റ്റ്യാനോ കളിച്ചത്. 2010 ലെ ലോകകപ്പിലും പ്രീ ക്വാർട്ടറിൽ ഗോൾ കണ്ടെത്താനായില്ല. 2014ൽ പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടം കടന്നില്ല. 2018ൽ പ്രീ ക്വാർട്ടറിൽ യുറുഗ്വയോട് 2-1ന് പരാജയപ്പെട്ടപ്പോൾ ഗോൾ നേടിയത് പെപെയായിരുന്നു. 2022 ലോകകപ്പിൽ ഈ ചരിത്രം ക്രിസ്റ്റ്യാനോ തിരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :