മുഖമുയര്‍ത്താനാവാതെ മഞ്ഞപ്പട; ആര്യന്‍ പടയ്ക്ക് മൂന്നാം സ്ഥാനം

ബ്രസീല്‍| Last Updated: ഞായര്‍, 13 ജൂലൈ 2014 (08:10 IST)
ലോകകപ്പ് പ്രതീക്ഷകളുമായി എത്തിയ ബ്രസീലിന് സ്വന്തം നാട്ടില്‍ നാണം‌കെട്ട തോല്‍‌വി. ലൂസേഴ്സ് ഫൈനലില്‍ മുഖമുയര്‍ത്താനാവാതെ മഞ്ഞപ്പടയെ ഗ്രൌണ്ടിന് വെളിയിലേക്ക് കടത്തി ആര്യന്‍ റോബന്റെ പട മൂന്നാം സ്ഥാനം ഉറപ്പിച്ചു.

ഡച്ച് പടയ്ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീലിയയില്‍ നടന്ന മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ അതിഥേയര്‍ പരാജയപ്പെട്ടത്. കളിയുടെ 57 ശതമാനം സമയവും ബോള്‍ കൈയില്‍ വച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് തന്നെയായിരുന്നു ബ്രസീലിന്റെ പരാജയത്തിന്റെ പ്രധാന കാരണം.

കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ പെനാള്‍ട്ടി ബോക്‌സിന് മുന്നില്‍ ബ്രസീല്‍ ക്യാപ്റ്റന്‍ സില്‍വ ആര്യന്‍ റോബനെ ഫൗള്‍ ചെയ്തതിന് ഹോളണ്ടിന് അനുകൂലമായി പെനാള്‍ട്ടി ലഭിച്ചു. ഇത് അനായസമായി മാഞ്ചസ്റ്റര്‍ യുണെറ്റഡ് താരം വാന്‍പേഴ്‌സി വലയില്‍ എത്തിച്ചു. വീണ്ടും 17-മത്തെ മിനുട്ടില്‍ അടുത്ത ഗോള്‍. ഡേവിഡ് ലൂയിസില്‍ നിന്ന് പാസ് സ്വീകരിച്ച് വലിയ ശക്തിയില്ലാത്ത ഷോട്ടിലൂടെ ബ്രസീലിയന്‍ പോസ്റ്റിലേക്ക് ബ്ലിന്റ് ബോള്‍ അടിച്ചുകയറ്റുകയായിരുന്നു.
ബ്ലിന്റിനെ മാര്‍ക്ക് ചെയ്യാനാവതെ വന്നതാണ് ബ്രസീലിന്റെ ഗോള്‍‌വല കുലുക്കിയത്.

തുടര്‍ന്ന് ഓസ്‌കാറിലൂടെ ബ്രസീല്‍ ആക്രമണങ്ങള്‍ നയിച്ചെങ്കില്‍ പിന്‍നിരയില്‍ നിന്നും ഈ ആക്രമണത്തിന് കാര്യമായ പിന്തുണ ലഭിക്കാത്തതും ബ്രസീല്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. എന്നാല്‍ എതിര്‍വശത്ത് രണ്ട് ഗോളിന്റെ അധികാരികത പ്രതിരോധിച്ച് കളിക്കുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യത്തെ ഇരുപത് മിനുട്ടില്‍ ക്വിയ്റ്റ്, റോബന്‍, വാന്‍പേഴ്‌സി എന്നി ത്രിമൂര്‍ത്തികള്‍ നിരന്തരം ബ്രസീലിയന്‍ മുഖത്ത് എത്തിയെങ്കിലും പിന്നീട് അത് കണ്ടില്ല. അവസാനം ഇഞ്ച്വറി ടൈംമില്‍ പെനാള്‍ട്ടി ബോക്‌സില്‍ വീണ്ടും പ്രതിരോധ നിരയ്ക്ക് പിഴച്ചപ്പോള്‍ വാന്‍ഡെല്ലം ഡച്ചുകാരുടെ മൂന്നാം ഗോളും നേടി. ആര്യന്‍ റോബനാണ് കളിയിലെ താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :