രേണുക വേണു|
Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (10:53 IST)
World Cup Qualifiers: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കരുത്തരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ഇക്വഡോറിനോടു എതിരില്ലാത്ത ഒരു ഗോളിനു അര്‍ജന്റീന തോല്‍വി വഴങ്ങിയപ്പോള്‍ അതേ മാര്‍ജിനില്‍ ബൊളിവിയയ്ക്കു മുന്നില്‍ ബ്രസീലിനും അടിതെറ്റി.
ആദ്യ പകുതിയുടെ എക്‌സ്ട്രാ സമയത്താണ് അര്‍ജന്റീനയ്‌ക്കെതിരെ ഇക്വഡോര്‍ സ്‌കോര്‍ ചെയ്തത്. അര്‍ജന്റൈന്‍ താരം ടാഗ്ലിയാഫിക്കോയുടെ ഫൗളില്‍ നിന്ന് ഇക്വഡോറിനു പെനാല്‍റ്റി ലഭിക്കുകയായിരുന്നു. ഇക്വഡോറിനായി പെനാല്‍റ്റി കിക്കെടുത്ത എന്നര്‍ വലന്‍സിയ ലക്ഷ്യംകണ്ടു.
50-ാം മിനിറ്റില്‍ കൈസെദോയ്ക്ക് റെഡ് കാര്‍ഡ് കിട്ടിയതോടെ ഇക്വഡോറിന്റെ അംഗബലം പത്തായി കുറഞ്ഞു. എന്നിട്ടും അര്‍ജന്റീനയ്ക്കു അത് മുതലെടുക്കാന്‍ സാധിച്ചില്ല. സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോര്‍ കളിക്കാനിറങ്ങിയത്. ഇക്വഡോറിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി അര്‍ജന്റീന തുടരുന്നു.
അര്‍ജന്റീനയെ ട്രോളാന്‍ ബ്രസീല്‍ ആരാധകര്‍ കോപ്പുകൂട്ടിയെങ്കിലും അതിനു അധികം ആയുസുണ്ടായില്ല. ബൊളിവിയയ്‌ക്കെതിരായ യോഗ്യതാ മത്സരത്തില്‍ ബ്രസീലും തോല്‍വി വഴങ്ങി. ആദ്യ പകുതിയുടെ എക്‌സ്ട്രാ സമയത്ത് തന്നെയാണ് ബ്രസീലിനെതിരായ ഗോളും പിറക്കുന്നത്. 21 കാരനായ മിഗ്വേല്‍ ടെര്‍സിറോസ് ആണ് ബൊളിവിയയ്ക്കായി സ്‌കോര്‍ ചെയ്തത്. സമനില ഗോളിനായി ബ്രസീല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബൊളിവിയന്‍ പ്രതിരോധം തകര്‍ക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി.