ഗോള്‍ മഴയ്‌ക്ക് ഒടുവില്‍ യുവേഫ സൂപ്പർ കപ്പ് ബാഴ്‌സലോണയ്‌ക്ക്

യുവേഫ സൂപ്പർ കപ്പ്  , പെഡ്രോ റോഡ്രിഗസ് , ബാഴ്‌സലോണ , മെസി
ടിബിലിസ്| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (09:48 IST)
തലങ്ങും വിലങ്ങും ഗോള്‍മഴ, അവസാനം സെവിയ്യൻ വീര്യത്തെ മറികടന്ന് ബാഴ്‌സലോണയ്‌ക്ക് യുവേഫ സൂപ്പർ കപ്പ് കിരീടം. ആവേശംമുറ്റിയ മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് മെസിയും സംഘവും കപ്പില്‍ മുത്തമിട്ടത്.

ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സലോണയ്‌ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് നേരിട്ടത്. നാലാം മിനിറ്റില്‍ അര്‍ജന്റീന താരം എവര്‍ ബനേഗയിലൂടെ സെവിയ്യ മുന്നിലെത്തി. എന്നാല്‍ സെവിയ്യയുടെ ആഹ്ലാദത്തിന് മൂന്ന് മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. മെസിയിലൂടെ ബാഴ്‌സ സമനില നേടിയതോടെ മത്സരം തുടക്കത്തില്‍ തന്നെ ആവേശം നിറച്ചു. പത്ത് മിനുട്ട് കൂടി പിന്നിടുമ്പോഴെക്കും മെസി ബാഴ്‌സക്ക് ഒരു ഗോളിന്റെ ലീഡ് നേടിക്കോടുത്തുതോടെ കളി ബാഴ്‌സയുടെ കൈയില്‍ എത്തി.

ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ റാഫിന്‍ഹയും ബാഴ്‌സയ്‌ക്കായി മൂന്നാം ഗോള്‍ നേടിയതോടെ ബാഴ്‌സ കീരീടം ഉറപ്പിച്ചു. അന്‍പത്തിരണ്ടാം മിനുട്ടില്‍ സുവാരസ് നേടിയ ഗോളിലൂടെയാണ് രണ്ടാം പകുതി ഉണര്‍ന്നത്. 4-1 ന് മുന്നിലെത്തിയ ബാഴ്‌സ ജയം ഉറപ്പിച്ചതോടെ ലേശം അലസതയിലേക്ക് വീണു. ഈ അവസരം മുതലെടുത്ത സെവിയ്യന്‍ താരങ്ങള്‍ ബാഴ്‌സയുടെ പോസ്‌റ്റിലേക്ക് പാഞ്ഞുകയറി. 57മത് മിനിറ്റില്‍ സെവിയ്യ നായകന്‍ ജോസ് ആന്റോണിയോ ഗോള്‍ നേടിയതോടെ മത്സരത്തിന്റെ ഗതി മാറി മറിഞ്ഞു. 72 ആം മിനുട്ടില്‍ സെവിയ്യതാരം വിറ്റോലോയ്‌ക്കെതിരായ ബാഴ്‌സയുടെ മാത്യെയുടെ ഫൗളിന് ലഭിച്ച പെനാല്‍ട്ടി കമേറിയോ ലക്ഷ്യത്തിലെത്തിച്ചു 84 ആം മിനുട്ടില്‍ കനോപ്യാങ്ക കണ്ടെത്തിയ ഗോളിലൂടെ സെവിയ്യ സമനില നേടി.

കളി കൈവിട്ട് പോകുമെന്ന സാഹചര്യത്തില്‍ 115 മിനുട്ടില്‍ നെയ്മറിനു പകരമായി ഇറങ്ങിയ പെഡ്രോയിലൂടെ ബാഴ്‌സ കിരീടം ഉറപ്പിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ലഭിച്ച ഉറച്ച രണ്ട് അവസരങ്ങൾ സെവിയ്യ താരങ്ങൾ പുറത്തേക്കടിച്ചു കളഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :