രേണുക വേണു|
Last Modified വ്യാഴം, 17 നവംബര്‍ 2022 (10:04 IST)
ഖത്തര്‍ ലോകകപ്പിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീം അര്‍ജന്റീന. നവംബര്‍ 22 ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഇന്നലെ യുഎഇയ്ക്കെതിരെ നടന്ന പരിശീലന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. വലിയ ആത്മവിശ്വാസമാണ് ടീമിന് ഈ ജയം നല്‍കിയിരിക്കുന്നത്.
യുഎഇയ്ക്കെതിരായ മത്സരത്തിനു മുന്‍പ് അര്‍ജന്റൈന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ഉണ്ടായ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫുട്ബോളില്‍ സൗഹൃദത്തിനു എത്രത്തോളം വിലയുണ്ടെന്ന് മനസ്സിലാക്കുന്ന രംഗങ്ങളാണ് അത്.
അര്‍ജന്റൈന്‍ മിഡ് ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയുടെ ചിത്രവും പിടിച്ചാണ് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ദേശീയ ഗാനത്തിനു ശേഷമായിരുന്നു ഇത്. പരുക്കിനെ തുടര്‍ന്നാണ് ലോ സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമായത്. എന്നാല്‍ ലോ സെല്‍സോയുടെ അഭാവം മറ്റ് അര്‍ജന്റൈന്‍ താരങ്ങളെ സംബന്ധിച്ചിടുത്തോളം ഏറെ വിഷമിപ്പിക്കുന്നതാണ്.
'സെല്‍സോ, നമ്മള് ഒന്നാണ്' എന്നാണ് ലോ സെല്‍സോയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ ചിത്രം കയ്യില്‍ പിടിച്ചാണ് ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
' അവന് എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്. ഞങ്ങള്‍ ഒന്നിച്ചാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഞാന്‍ കളിക്കളത്തില്‍ ഇടത് ഭാഗത്തേക്ക് നോക്കുമ്പോള്‍ അവന് ഇല്ല എന്ന സത്യം മനസ്സിലാക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്,' ലോ സെല്‍സോയുടെ റൂംമേറ്റായ റോഡ്രിഗോ ഡി പോള്‍ പറഞ്ഞു.