Argentina vs Morocco: സമനില ഗോള്‍ മത്സരശേഷം പിന്‍വലിച്ചു; ഒളിംപിക്‌സില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്

Argentina vs Morocco
രേണുക വേണു| Last Modified വ്യാഴം, 25 ജൂലൈ 2024 (08:39 IST)
Argentina vs Morocco

Argentina vs Morocco: പാരീസ് ഒളിംപിക്‌സ് ഫുട്‌ബോളിനെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ അര്‍ജന്റീനയെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ പിരിഞ്ഞ മത്സരമാണ് പിന്നീട് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിച്ചത്. അര്‍ജന്റീന നേടിയ സമനില ഗോള്‍ മത്സരശേഷം പിന്‍വലിക്കുകയായിരുന്നു. റഫറിയുടെ അസാധാരണ തീരുമാനത്തിലൂടെ ഈ മത്സരം വിവാദമാകുകയും ചെയ്തു.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അധിക സമയത്താണ് സൂഫിയാനിലൂടെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂഫിയാനും മൊറോക്കോയും ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീനയുടെ ആദ്യ മറുപടിയെത്തി. പിന്നീട് പല തവണ അര്‍ജന്റീന ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ മെദിനയുടെ ഹെഡറില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ ! ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരശേഷം നടത്തിയ വാര്‍ പരിശോധനയിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ റഫറി അസാധുവാക്കി. മാത്രമല്ല കാണികളെ ഒഴിവാക്കി മൂന്ന് മിനിറ്റ് കൂടി മത്സരം നടത്താന്‍ തീരുമാനിച്ചു. 2-1 എന്ന നിലയില്‍ മത്സരം പുനരാരംഭിക്കുകയും ഈ സമയം കൊണ്ട് സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തതിനാല്‍ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :