Paris Olympics 2024: ഒളിംപിക്‌സ് ഫുട്‌ബോള്‍ മത്സരത്തിനു ക്വാളിഫൈ ചെയ്ത ടീമുകള്‍ ഏതൊക്കെ? എന്തുകൊണ്ട് ബ്രസീല്‍ ഇല്ല !

23 വയസിനു താഴെയുള്ള താരങ്ങള്‍ക്കാണ് ഒളിംപിക്‌സ് മെന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുക

Argentina vs Canada
Argentina - Paris Olympics 2024
രേണുക വേണു| Last Updated: ബുധന്‍, 24 ജൂലൈ 2024 (08:59 IST)

Paris Olympics 2024: പാരീസ് ഒളിംപിക്‌സില്‍ കായിക പ്രേമികള്‍ ഉറ്റുനോക്കുന്ന ഇനമാണ് ഫുട്‌ബോള്‍. 16 ടീമുകളാണ് ഇത്തവണ ഒളിംപിക്‌സ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. നാല് ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം. ആതിഥേയരായ ഫ്രാന്‍സ്, മുന്‍ ജേതാക്കളായ അര്‍ജന്റീന, സ്‌പെയിന്‍ എന്നിവരാണ് ഇത്തവണത്തെ ഫേവറിറ്റുകള്‍.

ഗ്രൂപ്പ് എ : ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗിനിയ, ന്യൂസിലന്‍ഡ്

ഗ്രൂപ്പ് ബി : അര്‍ജന്റീന, മൊറൊക്കോ, യുക്രെയ്ന്‍, ഇറാഖ്

ഗ്രൂപ്പ് സി : ഉസബക്കിസ്ഥാന്‍, സ്‌പെയിന്‍, ഈജിപ്ത്, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്

ഗ്രൂപ്പ് ഡി : ജപ്പാന്‍, പരഗ്വായ്, മാലി, ഇസ്രയേല്‍

23 വയസിനു താഴെയുള്ള താരങ്ങള്‍ക്കാണ് ഒളിംപിക്‌സ് മെന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുക. 23 വയസ്സിനും കൂടുതല്‍ ഉള്ള മൂന്ന് സീനിയര്‍ താരങ്ങള്‍ക്കും കളിക്കാന്‍ അവസരമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. അര്‍ജന്റീന സീനിയര്‍ ടീം താരങ്ങളായ ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒറ്റമെന്‍ഡി എന്നിവര്‍ ഒളിംപിക്‌സ് മെന്‍സ് ഫുട്‌ബോള്‍ കളിക്കുന്നുണ്ട്.

ജൂലൈ 24 മുതല്‍ 30 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഓഗസ്റ്റ് രണ്ടിന് ക്വാര്‍ട്ടര്‍ ഫൈനല്‍സ്. ഓഗസ്റ്റ് അഞ്ചിന് സെമി ഫൈനല്‍സും ഓഗസ്റ്റ് ഒന്‍പതിന് ഗോള്‍ഡ് മെഡലിനു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടവും നടക്കും. ഓഗസ്റ്റ് എട്ടിനാണ് മൂന്നാം സ്ഥാനത്തിനായുള്ള (വെങ്കലം) മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമാസിലും മത്സരങ്ങള്‍ തത്സമയം കാണാം.

മുന്‍ ഗോള്‍ഡ് മെഡല്‍ ജേതാക്കളായ ബ്രസീല്‍ ഇത്തവണത്തെ ഒളിംപിക്‌സ് മെന്‍സ് ഫുട്‌ബോളിനു യോഗ്യത നേടിയിട്ടില്ല. 2004 നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക്‌സ് മെന്‍സ് ഫുട്‌ബോളിനു യോഗ്യത നേടാത്തത്. ഫെബ്രുവരിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോടു തോറ്റാണ് ബ്രസീല്‍ പുറത്തായത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :