രണ്ട് ഗോളുമായി മെസി; ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (07:29 IST)

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന. ആദ്യ പകുതിയില്‍ മൂന്ന് ഗോളും രണ്ടാം പകുതിയില്‍ ഒരു ഗോളും അര്‍ജന്റീന നേടി. ഇതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തുന്നത്.

ആദ്യ മിനിറ്റ് മുതലേ മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ അര്‍ജന്റീന ശ്രമിച്ചു. അതിന്റെ ഫലമായി ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ഡരിയോ ഗോമസ് ആണ് ബൊളീവിയയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. നായകന്‍ ലയോണല്‍ മെസിയുടെ പാസില്‍ നിന്നാണ് ഗോമസ് ആദ്യ ഗോള്‍ കണ്ടെത്തിയത്. 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ലയോണല്‍ മെസി അര്‍ജന്റീനയുടെ ഗോള്‍ നേട്ടം രണ്ടിലേക്ക് എത്തിച്ചു. 42-ാം മിനിറ്റിലും മെസിയിലൂടെ തന്നെ അടുത്ത ഗോള്‍ അര്‍ജന്റീന കണ്ടെത്തി. ആദ്യ പകുതി കഴിയുമ്പോള്‍ അര്‍ജന്റീനയുടെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു ബൊളീവിയ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് വന്ന ആലസ്യം ബൊളീവിയ ആയുധമാക്കി. 60-ാം മിനിറ്റില്‍ എര്‍വിന്‍ സാവേന്ദ്ര ബൊളീവിയക്കായി ഗോള്‍ കണ്ടെത്തി. എന്നാല്‍, പിന്നീട് അര്‍ജന്റീനയുടെ ഗോള്‍വല ചലിപ്പിക്കാന്‍ ബൊളീവിയക്ക് സാധിച്ചില്ല. 65-ാം മിനിറ്റില്‍ ലൗറ്റാറോ മാര്‍ട്ടിനെസിലൂടെ നാലാം ഗോള്‍ അര്‍ജന്റീന നേടി. പിന്നീട് തിരിച്ചടിക്കാന്‍ ബൊളീവയക്ക് സാധിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :