Last Updated:
ഞായര്‍, 14 ജൂണ്‍ 2015 (11:40 IST)
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയെ
സമനിലയില്‍ തളച്ച് പരാഗ്വേ.ആദ്യ പകുതിയില്‍ 0-2ന് പിന്നില്‍ നിന്ന ശേഷമായിരുന്നു പരാഗ്വെയുടെ തിരിച്ചുവരവ്.
പരാഗ്വേ താരം ലൂകാസ് ബാറിയോസിന്റെ തൊണ്ണൂറാം മിനിട്ടിലെ ഗോളാണ് കളിയില്‍ നിര്‍ണായകമായത്. ആദ്യ പകുതിയില്‍ മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. 29–ആം മിനിറ്റില്‍ ലയണല്‍ മെസി നല്‍കിയ പാസിലൂടെ സെര്‍ജിയോ അഗ്വേറോയാണ് അര്‍ജന്റീനയ്ക്കു ആദ്യ ഗോള്‍ സമ്മാനിച്ചത്. 36–ആം മിനിറ്റില്‍ അര്‍ജന്റീനയുടെ രണ്‌ടാം ഗോള്‍ പിറന്നു. മധ്യനിര താരം ഏയ്‌ഞ്ചല്‍ ഡി മരിയയെ പരാഗ്വെന്‍ താരം മിഹ്വേല്‍ സാമുഡിയോ വീഴ്‌ത്തി. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസി സുരക്ഷിതമായി പന്ത് വലയിലെത്തിച്ചതോടെ സ്കോര്‍ 2- 0 ആയി.
തിരിച്ചടിക്കാന്‍ പരാഗ്വെയും ലീഡുയര്‍ത്താന്‍ അര്‍ജന്റീനയും മത്സരിച്ച് കളിച്ചതോടെ രണ്ടാം പകുതി ആവേശഭരിതമായി. ആറുപതാം മിനിറ്റില്‍ 25 അടി ദൂരെ നിന്നുള്ള ഷോട്ട് വലയിലാക്കി നെല്‍സണ്‍ വാല്‍ഡെസ് പരാഗ്വെയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു.
ഇതോടെ അര്‍ജന്റീന പരാഗ്വെന്‍ ഗോള്‍ മുഖത്ത് നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളി സില്‍വയെ മറികടക്കാനായില്ല. 79–ആം മിനിറ്റില്‍ റോക്കേ സാന്താ ക്രൂസിനു പകരക്കാരനായെത്തിയ ലൂകാസ് ബാറിയോസ് സമനില ഗോള്‍ നേടിയതോടെ അര്‍ജന്റീനയുടെ വിജയ പ്രതീക്ഷകള്‍ അസ്‌തമിച്ചു. ബുധനാഴ്ച ഉറഗ്വേയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.