അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (12:53 IST)
അജിത് നായകനായ വിടാമുയര്‍ച്ചി ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. ഹോളിവുഡ് നിര്‍മാണ കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സ് ആണ് പകര്‍പ്പാവകാശ ലംഘനം കാണിച്ച് 150 കോടിയുടെ നോട്ടീസ് വിടാമുയര്‍ച്ചി നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് അയച്ചിരിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹോളിവുഡ് സിനിമയായ ബ്രേക്ക്ഡൗണ്‍ റീമേയ്ക്കാണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഒരു ദൂരയാത്രയ്ക്ക് പോകുന്ന ദമ്പതികളുടെ കാര്‍ വിജനമായ സ്ഥലത്ത് കേടാകുന്നു. തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നു. അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കുമെന്നുമുള്ള ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. ഇങ്ങനെ ഭാര്യയെ നഷ്ടമാകുന്ന അയാള്‍ ഭാര്യയ്ക്കായി നടത്തുന്ന തിരച്ചിലും തുടര്‍ന്ന് ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ബ്രേക്ക്ഡൗണ്‍ പറയുന്നത്. ഇതിന് സമാനമാണ് വിടാമുയര്‍ച്ചിയുടെ കഥയും.
അജിത്തും തൃഷയും സിനിമയും ദമ്പതികളായെത്തുമ്പോള്‍ അര്‍ജുന്‍ റെജീന കാസാന്‍ഡ്രയുമാണ് നെഗറ്റീവ് വേഷങ്ങളിലെത്തുന്നത്. മഗിഴ് തിരുമേനിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസായാണ് സിനിമ റിലീസ് ചെയ്യുക.