ശില്‍പകലയിലെ സ്വതന്ത്രാവിഷ്കാരങ്ങളെക്കാള്‍ ഛായശില്‍പങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി.
സ്വതന്ത്രാവിഷ്കാരങ്ങള്‍ക്ക് കലാകാരന്‍ സ്വന്തം മനസ്സാക്ഷിയോടു മാത്രം നീതി പുലര്‍ത്തിയാല്‍ മതിയെങ്കില്‍, ഛായശില്‍പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ആസ്വാദകന്‍റെ മനസ്സറിയാനുള്ള വൈദഗ്ദ്ധ്യം കൂടി വേണം.
ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നൂറുകണക്കിന് ശില്‍പങ്ങള്‍ നിര്‍മിച്ച അദ്ദേഹം കലാസ്വാദകരുടെ മനസ്സില്‍ ഇടം തേടി.
അദ്ദേഹം ചെയ്തുതീര്‍ത്ത ശില്‍പങ്ങളില്‍ മികച്ചതാണ് 'ഗുരുവായൂര്‍ കേശവന്‍". ദേവസ്വം അധികാരികളുമായി തെല്ല് വഴക്കടിച്ചുതന്നെയാണ് താന്‍ 'ഗുരുവായൂര്‍ കേശവന്‍" തീര്‍ത്തതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു..
ഗുരുവായൂര്‍ കേശവന്‍ ശില്‍പം തീര്‍ത്തതിന് ലഭിച്ച 'ശില്‍പരത്ന" ബഹുമതി അദ്ദേഹത്തിന് ഏറെ അഭിമാനം നല്‍കുന്നതായിരുന്നു.
ദത്തന്‍റെ മികച്ച പ്രതിമകളില്‍ പലതും കൊച്ചിയിലാണ് . രാജേന്ദ്ര മൈതാനത്തിനുസമീപമുള്ള ഗാന്ധിപ്രതിമ - പ്രതിമയുടെ പീഠത്തിലേക്കുള്ള ചവിട്ടുപടികള്‍ വശങ്ങളിലാണ് ദത്തന്‍ ഒരുക്കിയത്. ഗാന്ധിജിയുടെ മുന്നിലൂടെ കയറിവരാന്‍ അര്‍ഹതയുള്ള ഒരാളും ഇന്നില്ലെന്നതായിരുന്നു അദ്ദേഹത്തിന്‍റെവാദം
ചില്‍ഡ്രന്‍സ് പാര്‍ക്കിലെ വിവേകാനന്ദ പ്രതിമയും ദത്തനൊരുക്കിയതാണ്. ആലുവ നഗരസഭാ ഹാളിനുമുന്നിലെ ഗാന്ധിപ്രതിമയും നിരവധി ശ്രീനാരായണഗുരു പ്രതിമകളും ദത്തന്‍റെ ഓര്‍മയെ അനശ്വരമാക്കുന്നു.