നിങ്ങള്‍ക്കും ഒരു മാന്ത്രികനാകാം

ചെന്നൈ| WEBDUNIA|
PRO
‘മാജിക്‘ കണകെട്ടുവിദ്യകളെന്നും ചാത്തന്‍സേവയെന്നും കരുതി ഭയാശങ്കകളോടെയാണ് നാം ഒരു കാലത്ത് ഈ കലയെ സമീപിച്ചത്. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കുന്നു. കേവലം ശാസ്ത്രത്തിലും കൈയ്യടക്കത്തിലും പ്രാക്ടീസിലും മാത്രം അത്ഭുതമാകുന്ന ഒരു കലയാണ് ഇതെന്ന് നമുക്കറിയാം,

മാജിക് എന്ന കലയില്‍ ലോകത്തിനു തന്നെ വിസ്മയമായിമാറിയ പല മജീഷ്യരും നമ്മുടെ കേരളത്തില്‍ നിന്നുണ്ട്. ലോകമാന്ത്രിക സംഘടനയായ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മെജിഷ്യന്‍സിന്റ വിശിഷ്ടാംഗീകാരം നേടിയ ഗോപിനാ‍ഥ് മുതുകാട്.പ്രശസ്ത മജീഷ്യന്‍ സാമ്രാജ്, മാന്ത്രിക കലയുടെ ആചാര്യന്‍ വാഴക്കുന്നം നമ്പൂതിരി എന്നിവര്‍.

ഒരിക്കല്‍ പാളിപ്പോയ പ്രൊപ്പലര്‍ എസ്‌കേപ്പ് ആക്ട് അടുത്തയിടെ അതിനൂതനമായി പുനരവതരിപ്പിച്ച് മജീഷ്യന്‍ ഗോപിനാഥ് നേടിയത് കഠിനാധ്വാനത്തിന്റെ വിജയമായിരുന്നു. ജാലവിദ്യ ഏറ്റവും പുതുമയാര്‍ന്ന രീതിയിലാണ് മുതുകാട് വേദിയില്‍ അവതരിപ്പിച്ചത്. മുതുകാട് കാണികള്‍ക്കിടയിലിരുന്ന മന്ത്രി കെ പി മോഹനന്റെ വാച്ചു ചോദിച്ചു വാങ്ങി കൈയ്യില്‍ കെട്ടി.

ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തിന്റെ വലതു കൈയില്‍ തൂവാല കെട്ടി. പിന്നെ ജാലവിദ്യയിലേക്ക്.ഒരു വശത്ത് വേഗത്തില്‍ കറങ്ങുന്ന ഫാന്‍ ഘടിപ്പിച്ച വലിയ പെട്ടിക്കുള്ളില്‍ മാന്ത്രികന്‍ കയറി. പെട്ടിയുടെ മറ്റു മൂന്നു വശങ്ങള്‍ വലിയ വെളുത്ത സ്‌ക്രീന്‍ ഉപയോഗിച്ച് രണ്ടു സഹായികള്‍ ചേര്‍ന്ന് ബന്ധിച്ചു.പെട്ടിക്കുള്ളില്‍ നിന്ന് ഫാനിന്റെ ലീഫുകള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ ശ്രമിക്കുന്ന മാന്ത്രികന്റെ നിഴല്‍ രൂപം കാണികള്‍ക്കു മുന്നില്‍ തെളിഞ്ഞു.

ഏതാനും നിമിഷങ്ങള്‍ മാത്രം. മാന്ത്രികന്റെ നിഴല്‍ നേര്‍ത്തു നേര്‍ത്ത് ഇല്ലാതെയായി. ഇടിമുഴങ്ങുന്ന ഒച്ച. പെട്ടിയുടെ മുകളില്‍ നിന്നും ചിതറിത്തെറിച്ച വര്‍ണകടലാസുകള്‍ക്കൊപ്പം ഒരു ചുവന്ന തൂവാല വേദിയില്‍ നിന്നും അന്തരീക്ഷത്തിലൂടെ ഒഴുകി വന്നു. വേദിയില്‍ നിന്ന് 15 മീറ്ററകലെ ആറു താഴുകള്‍ ഉപയോഗിച്ച് ഭദ്രമായി പൂട്ടി പത്തടിയോളം പൊക്കത്തില്‍ ഉയര്‍ത്തി തൂക്കിയിട്ടിരുന്ന പെട്ടിയുടെ വശത്തെ ചെറിയ വിടവിലൂടെ മാന്ത്രികന്റെ കൈകള്‍ നീണ്ടു വന്നു. വാച്ചും കൈയ്യില്‍ കെട്ടിയ തൂവാലയും അദ്ദേഹം കാണികളെ കാണിച്ചു.

പിന്നീട് പെട്ടി താഴെയെത്തി. അപ്പോഴേക്കും പെട്ടി പൂട്ടി ഭദ്രമാക്കിയ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും, കൃഷിമന്ത്രി കെ.പി മോഹനനും താക്കോലുകളുമായി ഓടിയെത്തി. താക്കോല്‍ വാങ്ങി മാന്ത്രികന്റെ സഹായികള്‍ പെട്ടിതുറന്നു. ഒരു ചെറു പുഞ്ചിരിയുമായി പെട്ടിയില്‍ നിന്നും പുറത്തിറങ്ങിയ മാന്ത്രികന്‍ കാണികളുടെ ഇടയിലൂടെ പതുക്കെ നടന്ന് വേദിയിലെത്തി. ആതവിശ്വാസത്തിന്റെ ഒരു വിജയഗാഥ

അതുപോലെ തന്നെ വാഴക്കുന്നം നമ്പൂതിരിയുടെ കഥകള്‍ തന്നെ വിസ്മയവും കൌതുകവും കലര്‍ന്നതാണ്. അദ്ദേഹത്തിന്റെ ചെപ്പും പന്തും വിദ്യ ഇന്നും മാന്ത്രികരുടെ പോലും വിസ്മയമാണ്. ലളിതമായ വേഷം ധരിച്ച് കണ്ണഞ്ചിപ്പിയ്ക്കുന്ന ലൈറ്റുകളോ രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ അദ്ദേഹം വിസ്മയിപ്പിച്ചു.

ബേക്കറില്‍ നിന്നും ഇദ്ദേഹം ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ, ശൂന്യതയില്‍ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക എന്നിവയില്‍ അഗ്രഗണ്യനായി ഇദ്ദേഹം. രസകരമായ ഒരു കഥ ഇദ്ദേഹത്തെക്കുറിച്ചുള്ളത് പ്രശസ്തമാണ്. എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകന്‍ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആകെ അന്ധാളിച്ച് പരതുന്നതായി നടിച്ച് മറ്റുള്ള യാത്രക്കരോടെ ടിക്കറ്റ് വാങ്ങിവരുമ്പോള്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു.

മറ്റുള്ള യാത്രക്കാരോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അവരുടെ കൈകളിലും ടിക്കറ്റില്ല. തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകള്‍ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. അന്ധാളിച്ചുനിന്ന യാത്രക്കാര്‍ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകള്‍ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.

കൂടാതെ പിസി സര്‍ക്കാര്‍, ഹാരി ഹൌഡിനി തുടങ്ങി ആധുനിക ലോകത്തെ വിസ്മയം ഡേവിഡ് കോപ്പര്‍‌ഫീ‍ല്‍ഡ് വരെ. ഇവരൊക്കെ വിസമയം സൃഷ്ടിച്ചത് കഠിനാധ്വാനവും ബുദ്ധിയും ഒന്നുചേര്‍ന്നപ്പോഴാണ്. നിങ്ങള്‍ക്കും ഒരു മാന്ത്രികനാവണമെന്നില്ലേ. ചെറിയ ട്രിക്കുകള്‍ ചിലപ്പോള്‍ വന്‍‌അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കൂട്ടുകാരുടെ മുന്നില്‍ നിങ്ങള്‍ക്കും അവതരിപ്പിക്കാവുന്ന മാജിക്കുകളുണ്ട്. എളുപ്പത്തില്‍ പഠിച്ച് അല്‍പ്പം പ്രാക്ടീസും വാചാലതുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും വിസ്മയങ്ങള്‍ സൃഷ്ടിക്കാം. എടുക്കാം തൊപ്പിയും വടിയും...അബ്ര കടബ്ര.....

ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന മോതിരം

അന്തരീക്ഷത്തില്‍ ഒരാളെ അവലംബമില്ലാതെ ഉയര്‍ത്തി നിര്‍ത്തുന്ന മാജിക് കണ്ടിട്ടുണ്ടാവും. തല്‍ക്കാലം നമുക്ക് ഒരു പെന്‍സിലില്‍ ഇട്ടിരിക്കുന്ന മോതിരം ഗുരുത്വാകര്‍ഷണ ബലത്തെ തോല്‍പ്പിച്ച് ഉയര്‍ത്താം. കാണികളില്‍ നിന്ന് അല്‍പ്പം അകലെ നിന്ന് ഒരു പെന്‍സിലില്‍ ഇട്ട് മോതിരം ഉയര്‍ത്തിക്കാണിക്കാം. കാണികള്‍ ശ്രദ്ധിച്ചിരിക്കേ മോതിരം പെന്‍സിലില്‍ക്കൂടി മുകളിലേക്ക് ഉയരുന്നു. അതേ പോലെ താഴേക്ക് ഇറങ്ങുന്നു. കാണികള്‍ അമ്പരക്കും തീര്‍ച്ച.

രഹസ്യം: പെന്‍സിലിലിന്റെ മുകളറ്റത്ത് നേരിയ സില്‍ക്ക് നൂല്‍ കെട്ടിയ ശേഷം പെന്‍സിലിലും നൂലും കൂടി അകത്തേക്ക് പോകുന്ന രീതിയില്‍ മോതിരം താഴേക്ക് ഇറക്കുക. നൂലിന്റെ മറ്റേ അറ്റം ചെറിയ മെഴുകില്‍ പതിപ്പിച്ച് കോട്ടിന്റെ ബട്ടണില്‍ ഒട്ടിക്കുക. നൂല് അല്‍പ്പം വലിഞ്ഞിരിക്കണം ഇനി കൈ അകറ്റി നോക്കൂ‍. നൂല് വലിഞ്ഞ് മോതിരം ഉയരും. കൈ അകറ്റിയാല്‍ മോതിരം താഴേക്ക് പോരുകയും ചെയ്യും.

വെറും കൈകൊണ്ട് നമുക്ക് ഒരു ഏത്തപ്പഴം മുറിക്കാം

ചൈനീസ് കുങ്ങ്ഫു സിനിമകളില്‍ ഓട് മുറിക്കുന്നവരെ കണ്ടിട്ടുണ്ട് പിന്നെ എന്താണ് ഒരു ഏത്തപ്പഴം മുറിക്കുന്നതില്‍ അത്ഭുതമെന്നല്ലേ. ഏത്തപ്പഴം മുറിച്ചുകൊള്ളൂ. പക്ഷേ അത് പഴത്തിന്റെ പുറം തൊലി മുറിക്കാതെ വേണം. ഒരു ഏത്തപ്പഴം പുറംതൊലിക്ക് പരുക്ക് പറ്റാതെ മുറിച്ച് തൊലിയുരിഞ്ഞ് കഷ്ണങ്ങള്‍ കഴിക്കുന്നത് കണ്ടാല്‍ കൂട്ടുകാര്‍ അമ്പരക്കുമോ?. ഉറപ്പ് ഞെട്ടിപ്പോകും.

രഹസ്യം: മുന്‍‌കൂട്ടി തയാറാക്കിയ ഏത്തപ്പഴമാണ് കൊണ്ടുപോകേണ്ടത്. വലിയ സൂചി ഉപയോഗിച്ച് പഴത്തിന്റെ പുറം തൊലിക്ക് മുറിവ് പറ്റാതെ അകത്ത് കറക്കി മുറിക്കുക. കറുത്ത പുള്ളികളുള്ള പഴമാണെങ്കില്‍ പഴം പരിശോധനയ്ക്ക് നല്‍കിയാല്‍ പോലും സൂചിയൂടെ പാട് ശ്രദ്ധയില്‍പ്പെടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :