WEBDUNIA|
Last Modified ഞായര്‍, 27 ജനുവരി 2013 (16:54 IST)
PRO
PRO
ഫാന്റസിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയും ലോകം ആധുനിക സിനിമയ്ക്ക് അന്യമല്ല. എന്നാല്‍ പ്രമേയപരമായി മലയാളസിനിമയ്ക്ക് അന്യമോ അല്ലെങ്കില്‍ അകല്‍ച്ചയോ ഇന്നും നിലനില്‍ക്കുന്ന കഥാകഥനരീതിയാണിത്. അത്തരത്തില്‍ വിരലിലെണ്ണാവുന്ന പ്രമേയങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. അതിന് ഒരു മാറ്റവുമായാണ് സംവിധായകന്‍ വി കെ പ്രകാശും ശങ്കര്‍ രാമകൃഷ്ണനും പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ “നത്തോലി ഒരു ചെറിയ മീനല്ല” എന്ന സിനിമ ഒരു എഴുത്തുകാരന്റേയും അയാള്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രത്തിന്റേയും കഥയാണ്.
നരേന്ദ്രന്‍ എന്ന കഥാകാരന്‍ ഉണ്ടാക്കിയെടുക്കുന്ന കഥാപാത്രം അയാളുടെ തന്നെ വേറിട്ട സ്വരൂപം ആകുകയും അതിദൃഢമായ ബന്ധമുണ്ടാകുന്നതും സൃഷ്ടിച്ചെടുക്കുന്ന പ്രതിസന്ധികളുമാണ് പ്രമേയം. നരേന്ദ്രന്‍ എന്ന അതിസാധാരണക്കാരന്‍ നഗരത്തില്‍ ഒരു ജോലി കിട്ടി എത്തുകയാണ്. ആകൃതിയിലും പ്രകൃതിയിലും ഒരു ചെറിയ മനുഷ്യൻ ആയതിനാല്‍ ‘നത്തോലി’ എന്നാണു നരേന്ദ്രന്റെ വിളിപ്പേര്. തന്റെ സ്വപ്നങ്ങളാണ് അവന്‍ കഥകളായി പകര്‍ത്തുന്നത്. തനിക്കു പറ്റാത്തതതും തനിക്ക് വേണ്ടതു പലതും കഥാപാത്രമായ നരേന്ദ്രനില്‍ക്കൂടി സാധിച്ചെടുക്കുകയാണ് കഥാകാരനായ നരേന്ദ്രന്‍. അവസാനം കഥാപാത്രമേത് വ്യക്തിത്വമേതെന്ന് തിരിച്ചറിയാനാവാത്ത മാനസികാവസ്ഥയിലേക്ക് കഥാകാരന്‍ വളരുന്നിടത്ത് സിനിമ വഴിത്തിരിവിലെത്തുന്നു.
കഥാകാരനായ നരേന്ദ്രനേയും കഥാപാത്രമായ നരേന്ദ്രനേയും അവതരിപ്പിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. കമാലിനി മുഖര്‍ജി, റിമ കല്ലിങ്കല്‍, ഐശ്വര്യ എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു. ഫെബ്രുവരി ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും.