കാര്‍ട്ടൂണുകളും കാര്‍ട്ടൂണിസ്റ്റുകളും - ഒരു ചിന്ത

സന്ദീപ് കൃഷ്ണന്‍

WEBDUNIA|
PRO
PRO
സുനാമി കണ്ട് പേടിച്ചോടുന്ന ജപ്പാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ അള്‍ട്രാമാനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മലേഷ്യന്‍ പത്രം മാപ്പ് പറഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് പ്രമാണിച്ച് കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രത്തിന് സാമൂഹ്യശൃഖലാ നെറ്റ്വര്‍ക്കുകള്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ഏറ്റു വാങ്ങേണ്ടി വന്നത്. സുനാമി ദുരന്തത്തെ തമാശവല്‍ക്കരിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പത്രം ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച മാപ്പപേക്ഷ പറഞ്ഞു. ജപ്പാന്‍ ജനതയോട് അനുതാപം പുലര്‍ത്തുന്നതായും അവര്‍ അറിയിച്ചു.

കാര്‍ട്ടൂണുകള്‍ പ്രശ്നമുണ്ടാക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ചിരിപ്പിക്കലാണ് കാര്‍ട്ടൂണുകളുടെ ധര്‍മ്മം എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട തിയറിയാണെങ്കിലും പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും അതിനോട് യോജിക്കുന്നില്ല. കാര്‍ട്ടൂണിംഗിന്‍റെ പ്രാഥമികധര്‍മ്മം ചിരി മാത്രമല്ലെന്ന്, അല്ലെങ്കില്‍ ചിരി ഇല്ലാതെയും കാര്‍ട്ടൂണ്‍ ആവാമെന്ന് വാദിക്കുന്ന വലിയ വിഭാഗം ആസ്വാദകരും കാര്‍ട്ടൂണിസ്റ്റുകളുമുണ്ട്. ചിരിപ്പിക്കുക എന്ന ‘ധര്‍മ’ത്തില്‍ വലിയ ശ്രദ്ധ കൊടുക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ ഒവി വിജയനും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ ഇന്ത്യന്‍ കാര്‍ട്ടൂണിംഗില്‍ വ്യത്യസ്തമായൊരു വിതാനം തീര്‍ത്തു. കറുപ്പിന്‍റെയും വെളുപ്പിന്‍റെയും പ്രതലത്തില്‍ ഒരു ചെറിയ ചിരിയില്‍ കവിഞ്ഞ ചിലത് അദ്ദേഹം സാധ്യമാക്കി.

നല്ല കാര്‍ട്ടൂണിസ്റ്റുകളുടേത് എക്കാലത്തും അധികാരസ്ഥാപനങ്ങളോടുള്ള കലഹത്തിന്‍റെ മാര്‍ഗ്ഗമായിരുന്നിട്ടുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ തങ്ങള്‍ക്കുള്ളിലെ കലഹപ്രിയം പുറത്തെടുക്കുന്നു. രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കാര്യത്തില്‍ വളരെ പ്രശസ്തനൊന്നുമല്ലാത്ത ബോബനും മോളിയുടെയും സ്രഷ്ടാവായ ടോംസ്, മലയാള മനോരമ എന്ന പത്രസ്ഥാപനത്തോട് നടത്തിയ സമരം ഈ വഴിയില്‍ തന്നെ മനസ്സിലാക്കപ്പെടേണ്ട ഒന്നാണ്. ഒരു കലാകാരന്‍റെ സൃഷ്ടിയെ തങ്ങളുടേതെന്ന് സ്ഥാപിക്കാന്‍ പ്രസ്തുത പത്രസ്ഥാപനം നടത്തിയ പ്രവര്‍ത്തനം ഒരു അധികാരസ്ഥാപനത്തിന്‍റെ ജീര്‍ണിച്ച മുഖത്തെ തന്നെയാണ് വെളിവാക്കിയത്.

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊലചെയ്യപ്പെടുന്നതിനോടുള്ള ഓസ്ട്രേലിയന്‍ പൊലിസിന്‍റെ സമീപനത്തെ വിമര്‍ശിച്ച് ഇപി പീറ്റര്‍ എന്ന ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് വരച്ച ഒരു കാര്‍ട്ടൂണ്‍, ഇന്ത്യ-ഓസ്ട്രേലിയ നയതന്ത്രബന്ധത്തെ തന്നെ ബാധിക്കുന്ന തലം വരെയെത്തിയത് ഈയടുത്താണ്. ഇത്തരത്തില്‍ അധികാര കേന്ദ്രങ്ങളോട് കലഹിച്ചു നില്‍ക്കുന്ന വരകള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്. വരകള്‍ ആക്ടിവിസത്തിന്‍റെ വഴിയിലേക്ക് എത്തുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമാണ്.

അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധി തീര്‍ത്ത ഓര്‍ഡിനന്‍സ് വിപ്ലവത്തെ വിമര്‍ശിക്കുന്ന അബുവിന്‍റെ കാര്‍ട്ടൂണ്‍ തന്നെ ഉദാഹരണം. പ്രസിഡന്‍റ് ഫക്രുദ്ദീന്‍ അലി ബാത്ത് ടബ്ബില്‍ കിടന്ന് ഓര്‍ഡിനന്‍സ് ഒപ്പിട്ടുനല്‍കുന്ന കാര്‍ട്ടൂണ്‍ അടിയന്തിരാവസ്ഥാ കാര്‍ട്ടൂണുകളില്‍ ആഘോഷിക്കപ്പെട്ട ഒന്നാണ്. ആളുകള്‍ പഴത്തൊലി ചവുട്ടി വീഴുന്ന കാര്‍ട്ടൂണുകള്‍ വരച്ച് കാ‍ലക്ഷേപം ചെയ്ത കാര്‍ട്ടൂണിസ്റ്റുകളും ഉണ്ട്. ഭയപ്പാടോടെ വര തന്നെ വേണ്ടെന്നു വെച്ചവരുമുണ്ട്. കാര്‍ട്ടൂണിസ്റ്റിന്‍റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് അബുവിന്‍റെ ഉത്തരം ഇതാണ്, ‘അയാള്‍ ഒരു ആജന്മ റിബലായിരിക്കണം!’

ഇങ്ങനെയൊക്കെയാണെങ്കിലും വലിയ വിഭാഗം കാര്‍ട്ടൂണിസ്റ്റുകള്‍ പിന്തുടരുന്ന രോഷാകുലമായ സമീപനം അവരെ വംശീയ വിദ്വേഷികളും വര്‍ഗീയവാദികളും ഒക്കെയാക്കി മാറ്റാറുണ്ട്. അത്തരം സംഭവങ്ങളാണ് ഈയടുത്തായി കാര്‍ട്ടൂണുകള്‍ സംബന്ധിച്ച വാര്‍ത്തകളായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഡെന്മാര്‍ക്കിലെ ജില്യാര്‍ഡ് പോസ്റ്റണ്‍ എന്ന പത്രം പ്രവാചകനെ ഭീകരവാദിയായി ചിത്രീകരിച്ച് ലോകമാകമാനമുള്ള ഇസ്‌ലാം മത വിശ്വാസികളെയും മതേതര ചിന്താഗതിക്കാരെയും രോഷാകുലരാക്കി.

ഇത്തരത്തിലുള്ള ഏതാണ്ട് പന്ത്രണ്ടോളം കാര്‍ട്ടൂണുകള്‍ വരച്ചാണ് ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് തന്‍റെ 'സ്ഫോടനാത്മകമായ പ്രതിഭ' വെളിപ്പെടുത്തിയത്. ഇസ്ലാം മതം പിന്തുടരുന്ന “സെല്‍ഫ് സെന്‍സര്‍ഷിപ്പിനെതിരെ സര്‍ഗാത്മകമായ വിമര്‍ശനം” നടത്തുകയായിരുന്നു തങ്ങളെന്ന ദാര്‍ഷ്ട്യത്തില്‍ ഡാനിഷ് പത്രത്തിന് പിന്നീടും നിലപാടുറപ്പിച്ച് നില്‍ക്കാ‍ന്‍ പാശ്ചാത്യ ജനാധിപത്യ ചിന്തയില്‍ പഴുതുകള്‍ ധാരാളമായിരുന്നു.

ഇന്ത്യയില്‍ ഒരു കാര്‍ട്ടൂണിസ്റ്റ് വര്‍ഗീയ സംഘടനയുടെ നേതാവായിത്തീര്‍ന്ന ചരിത്രം തന്നെയുണ്ട്. തന്‍റെ വര്‍ഗീയ നിലപാടുകള്‍ ശക്തമായി പ്രകടിപ്പിക്കാന്‍ കാര്‍ട്ടൂണിസ്റ്റിന്‍റെ പരിമിതമായ പ്ലാറ്റ്ഫോം മതിയാവില്ല എന്ന് തിരിച്ചറിയുകയായിരുന്നു ബാല്‍ താക്കറെ. 1966-ലാണ് കാര്‍ട്ടൂണ്‍ വര അവസാനിപ്പിച്ച് താക്കറെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

അമേരിക്കയില്‍ വംശീയ വിദ്വേഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപാധികളില്‍ പ്രമുഖ സ്ഥാനം കാര്‍ട്ടൂണിനുണ്ട്. ഒബാമ ഏറ്റവുമധികം വംശീയമായി അധിക്ഷേപിക്കപ്പെട്ടത് കാര്‍ട്ടൂണിലൂടെയാണ്. ഒബാമയെ ചിംബന്‍സിയായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ഈയിടെ ചെറിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒബാമയെ കുരങ്ങനായും മുസ്ലീം ഭീകരനായുമെല്ലാം ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ധാരാളമാണ്. അമേരിക്കയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ വഴിക്കുള്ള ശ്രമങ്ങള്‍ കുറവാണെന്ന് പറയാം. എന്നിരിക്കിലും, മായാവതിയിടെ പൃഷ്ഠം വരച്ച് ചിരിയുണ്ടാക്കുന്നത് പോലുള്ള ശ്രമങ്ങള്‍ ഇടയ്ക്കെല്ലാം ഉണ്ടാവാതിരിക്കുന്നുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :